Sunday, May 12, 2024
spot_img

സിഎഎ നടപ്പാക്കിയാൽ ഉത്തരേന്ത്യ യുദ്ധക്കളമായി മാറുമെന്നും വംശഹത്യയുടെ ശവപ്പറമ്പായി രാജ്യം മാറുമെന്നും പരാമർശങ്ങൾ ! പൗരത്വ നിയമ ഭേദഗതിക്കെതിരായ കെ.ടി ജലീലിലിന്റെ കുറിപ്പ് വിവാദത്തിൽ; സമൂഹ മാദ്ധ്യമത്തിൽ രൂക്ഷ വിമർശനം

പൗരത്വ നിയമ ഭേദഗതി നടപ്പാക്കി കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. പാകിസ്ഥാൻ , ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുക.2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ നേട്ടങ്ങൾ ലക്ഷ്യമിട്ട് രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയാണ്. വിഷയത്തിൽ സിപിഎം നേതാവും മുൻ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി ജലീലിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വിവാദമാകുകയാണ്. ഇന്ത്യയെ മറ്റൊരു പലസ്തീനാക്കാൻ നീക്കം! എന്ന തലക്കെട്ടിൽ ആരംഭിക്കുന്ന കുറിപ്പിൽ സിഎഎ നടപ്പാക്കിയാൽ ഉത്തരേന്ത്യ ശരിക്കും ഒരു യുദ്ധക്കളമായി മാറുമെന്നും വംശഹത്യയുടെ ശവപ്പറമ്പായി രാജ്യം മാറുമെന്നുമൊക്കെയാണ് ആരോപിക്കുന്നത്. സിഎഎ നടപ്പിലാക്കുമ്പോൾ മുസ്ലിങ്ങളെ മാത്രം മാറ്റി നിർത്തി ഡിറ്റക്ഷൻ ക്യാമ്പുകളിൽ അടക്കുകയോ രാജ്യാതിർത്തികളിൽ കൊണ്ടുപോയി തള്ളുകയോ ചെയ്യും എന്നാണ് കെ.ടി ജലീലിലിന്റെ കണ്ടുപിടുത്തം. പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും അവരുടെ അതിർത്തികളടച്ച് ഇന്ത്യയിൽ നിന്ന് വരുന്ന അഭയാർത്ഥി പ്രവാഹത്തെ തടയുമെന്നും ഭയാനകമായ കൂട്ടക്കൊലയാകും അതേതുടർന്ന് അതിർത്തിയിൽ അരങ്ങേറുകയെന്നും കുറിപ്പിൽ ജലീൽ പറയുന്നു. കുറിപ്പിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.

കെ.ടി ജലീലിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

ഇന്ത്യയെ മറ്റൊരു പലസ്തീനാക്കാൻ നീക്കം!

പൗരത്വഭേദഗതി നിയമം നടപ്പിലാക്കപ്പെടുന്നതോടെ ലക്ഷക്കണക്കിന് മുസ്ലിങ്ങളാണ് ജീവിതത്തിനും മരണത്തിനും ഇടയിലേക്ക് വലിച്ചെറിയപ്പെടുക.1952 ന് മുമ്പ് മുതൽ ഇന്ത്യയിൽ താമസിക്കുന്നവരാണെന്ന സാക്ഷ്യപത്രമില്ലാത്ത മുസ്ലിങ്ങളൊഴിച്ചുള്ള എല്ലാ മതവിഭാഗക്കാർക്കും ആവശ്യമായ രേഖകൾ നൽകി ഇന്ത്യൻ പൗരത്വം നൽകും. മുസ്ലിങ്ങളെ മാത്രം മാറ്റി നിർത്തി ഡിറ്റക്ഷൻ ക്യാമ്പുകളിൽ അടക്കുകയോ രാജ്യാതിർത്തികളിൽ കൊണ്ടുപോയി തള്ളുകയോ ചെയ്യും. പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും അവരുടെ അതിർത്തികളടച്ച് ഇന്ത്യയിൽ നിന്ന് വരുന്ന അഭയാർത്ഥി പ്രവാഹത്തെ തടയും. അതോടെ ചെകുത്താനും കടലിനുമിടക്ക് പെട്ട നിസ്സഹായരെപ്പോലെയാകും ലക്ഷക്കണക്കിന് മുസ്ലിങ്ങൾ. ഭയാനകമായ കൂട്ടക്കൊലയാകും അതേതുടർന്ന് അതിർത്തിയിൽ അരങ്ങേറുക.

നൂറാളുകൾക്ക് സൗകര്യമുള്ള ഡിറ്റക്ഷൻ ക്യാമ്പുകളിൽ ആയിരക്കണക്കിന് ആളുകളെ പാർപ്പിച്ചാൽ അവർക്കാര് ഭക്ഷണം കൊടുക്കും? പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാതെ ജനം വീർപ്പുമുട്ടും. പകർച്ചവ്യാധികൾ കത്തിപ്പടർന്ന് ഡിറ്റക്ഷൻ ക്യാമ്പുകളിൽ മുസ്ലിങ്ങളുടെ മൃതദേഹങ്ങൾ കുന്നുകൂടും. വാഗൺട്രാജഡിയെക്കാൾ വലിയ ദുരന്തത്തിന് രാജ്യം സാക്ഷിയാകും.

സ്വന്തമായി ഭൂമിയോ മറ്റുസ്വത്തുക്കളോ ബിസിനസ് രേഖകളോ ഇല്ലാത്ത ആർക്കും 1952 ന് മുമ്പ് ഇന്ത്യയിലെ താമസക്കാരാണെന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ടാക്കാൻ പ്രയാസമാകും. നിരാലംബരായ ലക്ഷക്കണക്കിന് മനുഷ്യരാകും പുഴുക്കളെപ്പോലെ ചത്തൊടുങ്ങുക. തെരുവുകളിൽ പാർക്കുന്നവരും വാടകക്ക് താമസിക്കുന്നവരും ഒരിഞ്ച് ഭൂമിയില്ലാത്തവരുമാകും “വിദേശചാപ്പ” കുത്തി ആട്ടിയോടിക്കപ്പെടുക. പോലീസിനൊപ്പം ഈ കുടിയൊഴിപ്പിക്കലിൽ സംഘ്പരിവാറുകാർ കൂടി പങ്കാളികളാകുന്നതോടെ ഉത്തരേന്ത്യ ശരിക്കും ഒരു യുദ്ധക്കളമായി മാറും. ബി.ജെ.പിക്ക് വോട്ട് കിട്ടില്ലെന്ന് ഉറപ്പുള്ള മുസ്ലിങ്ങളെ ഭയപ്പെടുത്തി നാടുകടത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ നെറികെട്ട നീക്കമാണ് അക്ഷരാർത്ഥത്തിൽ അരങ്ങേറാൻ പോകുന്നത്.

ഇന്ത്യ-പാക്ക് യുദ്ധകാലത്തെ മനുഷ്യപ്പലായനത്തെക്കാൾ വലിയ മനുഷ്യഒഴുക്കാകും ലോകത്തിന് കാണേണ്ടി വരിക. അതോടെ ക്രൂരമായ മുസ്ലിം വംശഹത്യയുടെ ശവപ്പറമ്പായി നമ്മുടെ രാജ്യം മാറും.

കേരളം മാത്രമാണ് സംശയലേശമന്യേ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പിണറായി വിജയനെന്ന മുഖ്യമന്ത്രിയല്ലാതെ മറ്റൊരു മുഖ്യമന്ത്രിയും നട്ടെല്ല് നിവർത്തി CAA നടപ്പിലാക്കില്ലെന്ന് അഭിപ്രായം പറഞ്ഞിട്ടില്ല. വിശുദ്ധ റംസാനിലെ വ്രതാനുഷ്ഠാന നാളുകളിൽ മുസ്ലിങ്ങളെ പ്രകോപിപ്പിച്ച് കലാപത്തിലേക്ക് തള്ളിവിടാനുള്ള ബി.ജെ.പി സർക്കാറിൻ്റെ കുൽസിത നീക്കത്തിനെതിരെ മനുഷ്യസ്നേഹികൾ മുഴുവൻ രംഗത്തുവരണം. അല്ലെങ്കിൽ കൂട്ടക്കൊലയിൽ ഹിറ്റ്ലറുടെ ജർമ്മനിയെ ഭാരതം പിന്തള്ളും.

Related Articles

Latest Articles