Saturday, May 4, 2024
spot_img

സര്‍ക്കാരിന് വന്‍ തിരിച്ചടി; സിസ തോമസിന് കെടിയു വിസിയായി തുടരാമെന്ന് ഹൈക്കോടതി, പിണറായി സർക്കാരിന്റെ ആവശ്യം തള്ളി

കൊച്ചി: സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ വിസി നിയമനത്തിന് സ്റ്റേ വേണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി ഹൈകോടതി. വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഉണ്ടാകില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. സിസയുടെ നിയമനം സ്‌റ്റേ ചെയ്ത് കൊണ്ട് ഇടക്കാല ഉത്തരവ് വേണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തിൽ കെടിയു താത്കാലിക വിസിയായി ഗവർണർ നിയമിച്ച ഡോ. സിസ തോമസിന് തുടരാം.

സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സിസ തോമസിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഇത് കോടതി അംഗീകരിച്ചില്ല. യുജിസി മാനദണ്ഡപ്രകാരമാണ് വിസിയെ നിയമിച്ചതെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു. തുടര്‍ന്ന് വിഷയത്തില്‍ വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കാമെന്നും യുജിസിയെ കൂടി കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിടുകയും ചെയ്തു. ഇതോടെ, ഗവര്‍ണര്‍ക്കെതിരായ പോരാട്ടില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കെടിയു വിസി വിഷയത്തില്‍ കോടതിയില്‍ നിന്നു ലഭിച്ചിരിക്കുന്നത്. ഗവര്‍ണറെ ഒന്നാം എതിര്‍കക്ഷിയാക്കി ഉന്നത വിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ സെക്രട്ടറി സി. അജയനാണ് ഹര്‍ജി നല്‍കിയത്.

Related Articles

Latest Articles