Sunday, April 28, 2024
spot_img

ശരീരഭാരം കുറയ്ക്കാൻ കുടംപുളി ഇങ്ങനെ ഉപയോഗിക്കാം | BODY SLIM

മീൻകറിക്ക് രുചി കൂട്ടുക എന്നതു മാത്രമാണോ കുടംപുളിയുടെ ഉപയോഗം? അല്ലേയല്ല നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് കുടംപുളി. ഒരു പഴവർഗം ആയാണ് കുടംപുളിയെ കണക്കാക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ മികച്ച ഒന്നാണ് കുടംപുളി. കുടംപുളിയിലടങ്ങിയ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് (HSA) എന്ന ഫൈറ്റോകെമിക്കൽ ആണ് ഇതിന് സഹായിക്കുന്നത്. കൊഴുപ്പിനെ കത്തിച്ചു കളയാനും വിശപ്പ് നിയന്ത്രിക്കാനും കുടംപുളിക്ക് കഴിയും. കൊഴുപ്പ് ഉണ്ടാക്കാൻ ശരീരം ഉപയോഗിക്കുന്ന ഒരു എൻസൈം ആയ സിട്രേറ്റ് ലയേസിനെ തടയുക വഴിയാണ് ഇത് സാധ്യമാകുന്നത്.

തലച്ചോറിൽ സെറോടോണിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുക വഴിയാണ് കുടംപുളി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.

മറ്റു ഗുണങ്ങൾ

∙ ഇൻഫ്ലമേഷൻ കുറയ്ക്കാനും ഇൻസുലിന്റെ അളവ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുടംപുളി സഹായിക്കും.

∙ ദഹനപ്രക്രിയ സുഗമമാക്കുന്നു. ഉദരവ്രണം വരാതെ തടയുന്നു. കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഊർജമേകുന്നു. ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കം ചെയ്യുന്നു. എല്ലുകളെ ശക്തിപ്പെടുത്തുന്നു. ഉറക്കം മെച്ചപ്പെടുത്തുന്നു.

∙ ശരീരഭാരം കുറയ്ക്കാൻ– ശരീരഭാരം കുറയ്ക്കാൻ കുടംപുളി ചേർത്ത് തിളപ്പിച്ച വെള്ളം സഹായിക്കും. നാലു കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് രണ്ടോ മൂന്നോ അല്ലി കുടംപുളി ചേർക്കുക. അല്പസമയം തിളപ്പിക്കുക. തണുത്ത ശേഷം അരിച്ചെടുക്കുക. ഓരോ നേരവും ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് ഈ പാനീയം കുടിക്കുക.

പാർശ്വഫലങ്ങൾ

കുടംപുളിയുടെ ഉപയോഗം അമിതമായാൽ അത് ശരീരത്തെ ദോഷകരമായി ബാധിക്കും. കരളിന്റെ നാശത്തിനും തലവേദനയ്ക്കും ദഹനപ്രശ്‌നങ്ങൾക്കും കാരണമാകുന്നതോടൊപ്പം ചർമത്തിന് അസ്വസ്ഥത ഉണ്ടാകാനും കുടംപുളിയുടെ അമിതോപയോഗം കാരണമാകും.

Related Articles

Latest Articles