Saturday, May 4, 2024
spot_img

പാകിസ്താൻ അതിർത്തിയിൽ അമിത് ഷാ; ജവാൻമാർക്ക് ആരോഗ്യ കാർഡുകൾ വിതരണം ചെയ്തു

ജയ്സാൽമീർ: ഇന്തോ -പാക്ക് അതിർത്തിയിൽ അമിത് ഷാ സന്ദർശിച്ചു. ബിഎസ്എഫ് ജവാൻമാർക്ക് ആരോഗ്യ കാർഡുകൾ വിതരണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങില്‍ നിര്‍വഹിച്ചു. ഇനി ബിഎസ്എഫ് ജവാന്മാരുടെ കുടുംബാംഗങ്ങൾക്കടക്കം രാജ്യത്ത് എവിടെയും സൗജന്യ ചികിത്സ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ആയുഷ്മാൻ ഭാരത് യോജനയുടെ ഭാഗമായാണ് കാർഡുകൾ നൽകിയത്. നാലരലക്ഷം ജവാന്മാർക്ക് ഇതുവരെ കാർഡുകൾ നൽകി കഴിഞ്ഞതായി മന്ത്രി അറിയിച്ചു.

അതോടൊപ്പം തന്നെ വർഷത്തില്‍ നൂറു ദിവസം സൈനികർക്ക് അവരുടെ കുടുംബവുമൊത്ത് ചെലവിടാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ജയ്സാൽമീരില്‍ ആഭ്യന്തര മന്ത്രി പറഞ്ഞു. ജയ്സാൽമീറിലെ രോഹിതാഷ് സന്ദർശിക്കാനെത്തിയതായിരുന്നു അമിത് ഷാ. ‘ജീവിതത്തിന്റെ സുവർണ കാലം രാജ്യത്തിനായി സമർപ്പിക്കുന്ന ജവാനു കുടുംബവുമൊത്തു കഴിയാൻ സമയം ഒരുക്കേണ്ടതു സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമാണ്’- ആഭ്യന്തര മന്ത്രി പറഞ്ഞു.

അതിർത്തി രക്ഷാ സേന അംഗങ്ങൾ നേരിടുന്ന വിഷമങ്ങൾ നേരിട്ടു മനസിലാക്കാൻ ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം ഒരു ദിവസം താമസിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു. ജയ്സാൽമീറിൽ നടന്ന സൈനിക സമ്മേളനത്തിൽ അമിത് ഷാ പങ്കെടുത്തു. രാജ്യത്തിന്റെ അതിർത്തി കാക്കാൻ സൈന്യം ഉണ്ടെന്ന വിശ്വാസത്തിലാണ് 130 കോടി ജനങ്ങളും താനും രാത്രി സമാധാനത്തോടെ ഉറങ്ങുന്നതെന്നും അമിത് ഷാ പറഞ്ഞു.

സൈനിക് സമ്മേളന്‍ പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി ബിഎസ്എഫ് ജവാന്മാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിന്‍റെ ചിത്രങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു. കേന്ദ്ര സഹമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് അമിത് ഷായെ ഈ സന്ദര്‍ശനത്തില്‍ അനുഗമിച്ചിരുന്നു.

Related Articles

Latest Articles