കുംഭമേളയിലെ വൈറൽ താരത്തിന്റെ വിവാദ വിവാഹവുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തമ്മിലുള്ള നിയമപോരാട്ടം മുറുകുന്നു. വിവാഹത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത് മധ്യപ്രദേശ് പോലീസ് ഉയർത്തുന്ന ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടിലാണ് കേരള പോലീസ്. വിഷയത്തിൽ ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരായി കേരളത്തിന്റെ ഭാഗം വ്യക്തമാക്കാൻ ഡിജിപി റാവാഡ ചന്ദ്രശേഖർ തീരുമാനിച്ചു. പോക്സോ ഉൾപ്പെടെയുള്ള കേസുകൾ നിയമപരമായി നിലനിൽക്കില്ലെന്നും, പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന കാര്യത്തിൽ കേരള പോലീസിന് സംശയമില്ലെന്നും അദ്ദേഹം കമ്മീഷനെ അറിയിക്കും.
പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞുവെന്ന് തെളിയിക്കുന്ന രേഖകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, ഈ രേഖകൾ ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് വിവാഹത്തിന് അനുമതി നൽകിയതെന്നുമാണ് കേരളാ പോലീസ് വാദിക്കുന്നത്. നിലവിൽ അന്തർസംസ്ഥാന പോലീസ് സംവിധാനങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി ഈ കേസ് വളർന്നുകഴിഞ്ഞു. ഗർഭിണിയായ പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ദീർഘദൂര യാത്രകൾ സാധ്യമല്ലെന്നും, അതിനാൽ മധ്യപ്രദേശിലേക്ക് വിട്ടയക്കാനോ അവിടുത്തെ പോലീസിന് മുന്നിൽ ഹാജരാക്കാനോ കഴിയില്ലെന്നും കേരളം കമ്മീഷനെ ബോധിപ്പിക്കും.
പെൺകുട്ടിയെ കാണാനില്ലെന്ന വാദം തള്ളിയ കേരള പോലീസ്, അവൾ സുരക്ഷിതയാണെന്നും ലൊക്കേഷൻ പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷൻ നിർദ്ദേശിച്ചാൽ വീഡിയോ കോൺഫറൻസിംഗ് വഴി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ തയ്യാറാണെന്ന് കേരളം അറിയിക്കും.
ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്റെ നിലപാട് ഈ കേസില്‍ അതിനിര്‍ണ്ണായകമാകും. കമ്മീഷന് കേരള പോലീസിന്റെ റിപ്പോര്‍ട്ട് തള്ളിയാല്‍ അത് വലിയ നിയമപ്രതിസന്ധിക്ക് കാരണമാകും. അതിനാല്‍ തന്നെ ഡിജിപി റാവാഡ ചന്ദ്രശേഖര്‍ നേരിട്ട് ഹാജരാകുന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സംസ്ഥാന പോലീസ് മേധാവി തന്നെ നേരിട്ട് വിശദീകരണം നല്‍കുന്നത് പോലീസിന്റെ ഭാഗത്ത് പിഴവുകളില്ലെന്ന് ഉറപ്പിക്കാനാണ്.

