കുണ്ടറ പീഡനക്കേസിൽ പ്രതിയായ മുത്തച്ഛനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പത്തും പതിമൂന്നും വയസുപ്രായമുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്. പീഡനത്തിൽ മനംനൊന്ത് ഇളയ കുട്ടി ജീവനൊടുക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് അഞ്ചു മീര ബിർലയാണ് ശിക്ഷ വിധിച്ചത്.
2017 ജനുവരിയിലായിരുന്നു പെണ്‍കുട്ടിയെ വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി തുടർച്ചയായി പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പീഡനത്തിനിരയായിരുന്നുവെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടർ വെളിപ്പെടുത്തിയിരുന്നു. മൃതദേഹത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നതായും ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു.

