ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പി.കെ. കുഞ്ഞനന്തന് പരോള്‍ നല്‍കുന്നതിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കുഞ്ഞനന്തന്‌, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചികിത്സയ്‌ക്കായി പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശിക്ഷ താല്‍കാലികമായി തടഞ്ഞ് ചികിത്സക്ക് അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. അതേസമയം കുഞ്ഞനന്തന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടര്‍ന്നാല്‍ പോരെയെന്ന് കോടതി ചോദിച്ചു. ആശുപത്രിയില്‍ സഹായിയായി ഒരാളെ നിറുത്തിയാല്‍ പോരെയെന്നും, പുറത്തു പോകേണ്ട ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു.

തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു. കുഞ്ഞനന്തന്‍ തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. കുഞ്ഞനന്തന് ഗുരുതര ആരോഗ്യപ്രശ്‌നമാണെന്നും അടിയന്തര ചികിത്സ നല്‍കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, തടവുകാരന് ചികിത്സ നല്‍കേണ്ടത് സര്‍ക്കാരാണെന്ന് കോടതി പറഞ്ഞിരുന്നു. നേരത്തെ, ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് ജയിലില്‍ കഴിയാന്‍ എന്താണ് തടസമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായി കുഞ്ഞനന്തന് നടക്കാനാവാത്ത അവസ്ഥയാണെന്ന് അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, ജയിലില്‍ സുഖമായി കിടക്കാമല്ലോ എന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

ഇതോടൊപ്പം കുഞ്ഞനന്തന്‍ ജയിലില്‍ എത്ര വര്‍ഷം കഴിഞ്ഞുവെന്നും കോടതി ചോദിച്ചു. ജയിലില്‍ കൂടുതല്‍ ദിവസം ഉണ്ടായിരുന്നില്ല എന്നാണ് അറിഞ്ഞത്. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ സഹായിക്കാന്‍ കൂട്ടുപ്രതികള്‍ ഉണ്ടല്ലോ എന്നും പറഞ്ഞ കോടതി, ഇതെല്ലാം വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തടവുകാര്‍ക്ക് രോഗം വന്നാല്‍ പരോളിന് പകരം ചികിത്സയാണ് നല്‍കേണ്ടതെന്നും തടവുകാരുടെ ചികിത്സ സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്നും ഹൈക്കോടതി നേരത്തെ വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു.