റഫാൽ ഇടപാടിൽ ഹിന്ദു ദിനപത്രം പുറത്തു വിട്ട രേഖ ഉയർത്തിക്കാട്ടി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണം പൊളിഞ്ഞു. അന്നത്തെ പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പിന് പ്രതിരോധ മന്ത്രി കൊടുത്ത മറുപടി എഡിറ്റ് ചെയ്ത് മാറ്റിയാണ് രേഖ പുറത്തുവിട്ടതെന്ന് തെളിഞ്ഞു. പ്രതിരോധ മന്ത്രിയുടെ മറുപടി ഉൾപ്പെടെയുള്ള രേഖ എ.എൻ.ഐ പുറത്തുവിട്ടു.

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലില്‍ അപാകതയില്ലെന്ന് കുറിച്ച പരീക്കര്‍ പ്രതിരോധ സെക്രട്ടറിയുടെ പ്രതികരണം നീതീകരിക്കാവുന്നതല്ലെന്നും വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് പ്രതിരോധ സെക്രട്ടറി ഈ പ്രശ്നം പരിഹരിക്കണമെന്നും പരീക്കര്‍ കുറിപ്പില്‍ നിര്‍ദേശിക്കുന്നുണ്ട്.

അതേ സമയം വിമാനങ്ങളുടെ വിലയുമായി ബന്ധപ്പെട്ട കൂടിയാലോചനയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് മുൻ പ്രതിരോധ സെക്രട്ടറി മോഹൻ കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. വിമാനങ്ങളുടെ വിലയുടെ കാര്യത്തിൽ എല്ലാം കൃത്യമായിത്തന്നെയാണ് നടന്നിട്ടുള്ളത് . ഈ ആരോപണങ്ങളൊക്കെ ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.