ആലപ്പുഴ: സംസ്ഥാനത്ത് മറ്റന്നാൾ പ്രവേശനോത്സവം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ 50 സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ല. കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത മേഖലയിലെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ കുട്ടനാട്, അപ്പർ കുട്ടനാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്.
എന്നാൽ ഇതിനിടെ സ്‌കൂൾ തുറക്കാൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തുമെന്നും സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
നവംബർ ഒന്നിനാണ് സ്കൂൾ തുറക്കുന്നത്. ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ലെന്നും. ആദ്യ ആഴ്ചകളിൽ കുട്ടികളുടെ ആത്മവിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാന സ്‌കൂൾ പ്രവേശന ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടൺ ഹിൽ സ്കൂളിൽ രാവിലെ 8.30 ന് നടക്കുമെന്നും മന്ത്രി അറിയിച്ചു.

