Thursday, May 2, 2024
spot_img

പോക്സോ കേസ്; ആറ് കേസുകൾക്ക് പിന്നാലെ കെ വി ശശികുമാറിന് വീണ്ടും അറസ്റ്റ്; ജാമ്യത്തിന് ശ്രമിക്കുമെന്ന് അഭിഭാഷകൻ; നടപടി പൂർവ വിദ്യാർഥിനിയുടെ പരാതിയിൽ

മലപ്പുറം: പോക്സോ കേസുകളിൽ, വിരമിക്കുന്നതിന് തൊട്ടുമുൻപ് അറസ്റ്റിലായ മലപ്പുറത്തെ മുൻ അധ്യാപകൻ കെവി ശശികുമാർ വീണ്ടും അറസ്റ്റിലായി. പോക്സോ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റും. പൂർവ വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാൾ നേരത്തെ രണ്ടു പോക്സോ കേസിൽ ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയിരുന്നു. കേസിൽ നാളെ ജാമ്യത്തിന് ശ്രമിക്കുമെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

മലപ്പുറത്തെ വിവാദമായ സംഭവമായിരുന്നു അധ്യാപകൻ കെ വി ശശികുമാർ പോക്സോ കേസിൽ പ്രതിയായത്. ആറ് കേസുകളായിരുന്നു ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. ഇവയിലെല്ലാം ജാമ്യം ലഭിച്ചാണ് ശശികുമാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഈ പീഡന കേസിന്‍റെ അന്വേഷണത്തിൽ ആശങ്കയുണ്ടെന്നാണ് പൂർവ വിദ്യാർത്ഥിനികളുടെ കൂട്ടായ്മ പറയുന്നത്. ശശികുമാറിനെതിരായ പരാതികൾ സ്കൂൾ അധികൃതർ മറച്ചുവെച്ചിരുന്നെന്നും ഇതിന്‍റെ തെളിവുകൾ പൊലീസിന് നൽകിയിരുന്നെന്നും പൂർവ വിദ്യാർത്ഥിനികൾ പറയുന്നു. എന്നാൽ ഈ കാര്യങ്ങളൊന്നും അന്വേഷണ പരിധിയിൽ വന്നിട്ടില്ലെന്നതാണ് ഇവരുടെ സംശയത്തിന് കാരണം.

കെവി ശശികുമാർ താൻ പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നു എന്ന വിവരം 2014 ലും 2019 തിലും രക്ഷിതാക്കളിൽ ഒരാൾ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നുവെന്ന് കൂട്ടായ്മ പറയുന്നു. പക്ഷെ ഈ വിവരം സ്കൂള്‍ അധികൃതർ പൊലീസിനെ അറിയിച്ചില്ല. തെളിവുകൾ കൈമാറിയിട്ടും പൊലീസ് ഇത് അന്വേഷണ പരിധിയിൽ കൊണ്ടുവന്നില്ല. പോക്സോ കുറ്റം മറച്ചു വച്ചതിന് സ്കൂളിന് എതിരെ കേസ് എടുത്തില്ലെന്നും പരാതിക്കാർ വ്യക്തമാക്കി.

Related Articles

Latest Articles