Wednesday, May 22, 2024
spot_img

ബാലഭാസ്കറിനെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാന രഹിതം; വിശദീകരണവുമായി ഭാര്യ ലക്ഷ്മി

തിരുവനന്തപുരം: വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഭാര്യ ലക്ഷ്മി ബാലഭാസ്കര്‍. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായ പ്രകാശ് ബാലഭാസ്കറിന്റെ പ്രോഗ്രാം കോർഡിനേറ്റർ ആണെന്ന തരത്തിൽ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഭാര്യ ലക്ഷ്മി ബാലഭാസ്കർ രംഗത്തെത്തിയിരിക്കുന്നത്.

സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമാണ്. ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിട്ടുണ്ട് .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്നും
ഇവരുടെ പേരുകൾക്കൊപ്പം ബാലഭാസ്കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നത് വേദനാ ജനകമാണെന്നും ലക്ഷ്മി, ബാലഭാസ്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.

സെപ്റ്റംബർ 24 ന് തൃശൂരിൽ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ തിരുവനന്തപുരം പള്ളിപുറത്തുവെച്ചുണ്ടായ വാഹനാപകടത്തിലാണ് രണ്ടു വയസുകാരിയായ മകൾ തേജസ്വിനി ബാലയും ബാലഭാസ്കറും കൊല്ലപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു .ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.
ഈ പേരുകാർക്കൊപ്പം ബാലഭാസ്കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്.അതുകൊണ്ട് ദയവായി അത്തരം പരാമർശങ്ങളൊഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ
ലക്ഷ്മി ബാലഭാസ്കർ

Informing that Prakash Thampi and Vishnu, who were arrested in the recent gold smuggling case at Trivandrum Airport, were not the managers of Balabhaskar. Claims have been arising stating the same and this is not at all valid as they have associated with him only regarding the coordination of a few programs, for which they were paid. There was absolutely no further involvement with them. It’s quite disheartening to see the Late Artist’s name being unnecessarily dragged into this case.
Requesting all to kindly stop such rumours for it is extremely painful to hear about.

Lekshmi Balabhaskar

Related Articles

Latest Articles