Friday, May 3, 2024
spot_img

സംസ്ഥാനത്ത് കനത്ത നാശം വിതച്ച് മഴ; കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ ഒരു മരണം; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

കൊച്ചി: സംസ്ഥാനത്ത് കനത്ത നാശം വിതച്ച് മഴ (Heavy Rain In Kerala). നിരവധി അനിഷ്ടസംഭവങ്ങളാണ് പല ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. തുടർച്ചയായി പെയ്യുന്ന മഴയിൽ എറണാകുളം കളമശ്ശേരിയിൽ മണ്ണിടിച്ചിൽ ഉണ്ടായി. മണ്ണിനടിയിൽപെട്ട ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. ലോറി നിർത്തി ഡ്രൈവർ ഇറങ്ങിയ ഉടൻ മണ്ണിടിയുകയായിരുന്നു.

കളമശ്ശേരി കണ്ടെയ്‌നർ റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തെ തുടർന്ന് ലോറി ഡ്രൈവറായ തങ്കരാജ് മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു. മണ്ണിടിച്ചിലിൽ വലിയ കല്ല് ഇയാളുടെ ദേഹത്തേയ്‌ക്ക് പതിച്ചതാണ് മരണകാരണം. സംഭവത്തെ തുടർന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. തങ്കരാജിനെ മണ്ണിനടിയിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്‌ക്ക് മാറ്റി.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജല നിരപ്പ് 140 അടിയായി ഉയർന്നു. ശക്തമായ മഴ തുടർന്നതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. ഇതേ തുടർന്ന് തമിഴ്‌നാട് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 142 അടിയാണ് അണക്കെട്ടിലെ റൂൾ കർവ്. ജലനിരപ്പ് ഉയർന്നതോടെ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ 900 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നേരത്തെ ഇത് 500 ഘനയടിയായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. അങ്ങിനെയെങ്കിൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് അധിക ജലം ഒഴുക്കി കളഞ്ഞേക്കും. ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളതിനാൽ പെരിയാറിന്റെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Latest Articles