Sunday, May 19, 2024
spot_img

രാജ്യത്ത് കോവിഡിൽ കൂടുതൽ ആശ്വാസം; 6,258 പേർക്ക് മാത്രം രോഗബാധ; ഒമിക്രോൺ കേസുകൾ എഴുന്നൂറിലേയ്ക്ക്

ദില്ലി: രാജ്യത്ത് കോവിഡിൽ കൂടുതൽ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,258 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത് (Covid India) . ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 34,799,691 ആയി. 75,456 പേരാണ് വിവിധ ഇടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,450 പേർ രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 34,243,945 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. അതേസമയം രാജ്യത്ത് നിലവിൽ 653 പേരാണ് ഒമിക്രോൺ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ മഹാരാഷ്‌ട്രയിലാണ്. 167 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ദില്ലിയിൽ 165 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. കേരളത്തിൽ 57 പേർക്കും തെലങ്കാനയിൽ 55 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. രാജ്യത്ത് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 142.47 കോടി വാക്‌സിൻ വിതരണം ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 72,87,547 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 480,290 പേരാണ് മരിച്ചത്.

അതേസമയം കേരളത്തിലും രോഗബാധ കുറയുകയാണ്. സംസ്ഥാനത്ത് ഇന്നലെ 1,636 പേര്‍ക്ക് മാത്രമാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍ 107, കൊല്ലം 100, ആലപ്പുഴ 79, ഇടുക്കി 59, മലപ്പുറം 56, കാസര്‍ഗോഡ് 42, പാലക്കാട് 39, വയനാട് 28 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,19,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,15,182 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3843 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 132 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Latest Articles