Saturday, May 4, 2024
spot_img

“മേരി വതൻ കി ലോഗോ” ലതാജിയുടെ അനശ്വര ശബ്ദത്തിൽ പതിറ്റാണ്ടുകളായി ഭാരതീയരുടെ ഹൃദയത്തിൽ മുഴങ്ങുന്ന ദേശഭക്തി ഗാനം; ബീറ്റിങ് റിട്രീറ്റിൽ ഉൾപ്പെടുത്തിയത് ഈ വർഷം

മുംബൈ: “മേരി വതൻ കി ലോഗോ” എന്ന് തുടങ്ങുന്ന അനശ്വരമായ ദേശഭക്തി ഗാനം പതിറ്റാണ്ടുകളായി ഭാരതീയരുടെ ഹൃദയത്തിൽ തുടിക്കുന്ന വരികളാണ്. 1963 ലെ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലെ നാഷണൽ സ്റ്റേഡിയത്തിൽ അന്നത്തെ രാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണനും പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും സന്നിഹിതരായ വേദിയിൽ ലതാജി ആലപിച്ചതാന് ഈ ദേശഭക്തിഗാനം. 1962 ലെ ഇന്ത്യ ചൈന യുദ്ധത്തിൽ വീര മൃത്യു വരിച്ച സൈനികർക്ക് സമർപ്പിച്ച ഗാനമായിരുന്നു അത്. കവി പ്രദീപിന്റെ രചനക്ക് സി. രാമചന്ദ്ര ആയിരുന്നു ഈണം നൽകിയത്. ദേശീയ ഗാനമായ ജന ഗണ മന, വന്ദേ മാതരം, സാരേ ജഹാം സെ അച്ഛാ തുടങ്ങിയ ഗാനങ്ങൾക്കൊപ്പം പിന്നീട് പല വേദികളിലും ഔദ്യോഗിക ചടങ്ങുകളിലും ഈ ഗാനം ആലപിക്കാറുണ്ട്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന സുപ്രധാന ചടങ്ങായ ബീറ്റിങ് റിട്രീറ്റിൽ ഈ വര്ഷം ഈ ഗാനം ഉൾപ്പെടുത്തിയിരുന്നു. ബീറ്റിങ് റിട്രീറ്റിൽ ലതാജിയുടെ പ്രശസ്തമായ ഈ ഗാനം മുഴങ്ങി ദിവസങ്ങൾക്കകമാണ് ലതാജി വിടപറഞ്ഞത്.

വിദേശഗാനങ്ങളാണ് കൂടുതലും ബീറ്റിങ് റിട്രീറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ അത്തരം ഗാനങ്ങൾ ഒഴിവാക്കി ഇന്ത്യൻ ഗാനങ്ങളാണ് ചടങ്ങിൽ ആലപിച്ചത്. ഇന്ന് രാവിലെ 9.45 നാണ് ലതാ മങ്കേഷ്‌കർ കോവിഡ് ചികിത്സക്കിടെ അന്തരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും അടക്കം നിരവധി പ്രമുഖർ അനശ്വര ഗായികക്ക് ആദരാഞ്ജലി അർപ്പിച്ചു.

Related Articles

Latest Articles