എല്‍ഡിഎഫ് വഞ്ചിച്ചുവെന്ന് തുറന്നടിച്ച് ആദിവാസി നേതാവ് സി. കെ.ജാനു. തന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ എല്‍ഡിഎഫ് വഞ്ചിച്ചുവെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിന് മുന്‍പ് തന്ന വാഗ്ദാനങ്ങളൊന്നും എല്‍ഡിഎഫ് പാലിച്ചില്ലെന്ന് ജാനു പറഞ്ഞു.
ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നല്‍കിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വേണ്ട രീതിയില്‍ പരിഗണിച്ചില്ല. എല്‍ഡിഎഫിനൊപ്പം തുടര്‍ന്നും പ്രവര്‍ത്തിക്കാനാകില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് പാര്‍ട്ടി സ്വതന്ത്രമായി മത്സരിക്കുമെന്നും ഇതാണ് അണികളുടെ തീരുമാനമെന്നും ജാനു വ്യക്തമാക്കി.
എന്‍ഡിഎ വിട്ടാണ് ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എല്‍ഡിഎഫിലെത്തിയത്. ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഉള്‍പ്പെടെ നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇതൊന്നും നടപ്പിലായില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം.

