Saturday, September 19, 2026

പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്; സംസ്ഥാനത്ത് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ലേണേഴ്‌സ് ലൈസൻസ്

സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസൻസ് നല്‍കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പാണ് രംഗത്തെത്തിയിരിക്കുന്നത്. ഹയര്‍ സെക്കൻഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്‌സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങൾ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. ഇതു സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28ന് കൈമാറും. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. എന്നാല്‍ 18 വയസ്സ് തികഞ്ഞാല്‍ മാത്രമാകും വാഹനം ഓടിക്കാന്‍ അനുവാദം.

ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രധാനമായും രണ്ടു നേട്ടങ്ങളാണ് വകുപ്പ് കാണുന്നത്. ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതില്‍ നിലവിലുള്ള ക്രമക്കേടുകള്‍ അവസാനിപ്പിക്കാം എന്നതാണ് അതില്‍ ഒന്നാമത്തേത്. റോഡ് നിയമങ്ങളേക്കുറിച്ച് വിദ്യാര്‍ഥികള്‍ ബോധവാന്‍മാരാവുകയും ചെയ്യും എന്നതാണ് മറ്റൊന്ന്.

ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. കൗമാരക്കാരിലാണ് ഗതാഗത നിയമലംഘനങ്ങള്‍ കൂടുതലായും കണ്ടെത്തുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പ്ലസ് ടു പരീക്ഷയ്‌ക്കൊപ്പം ലേണേഴ്‌സ് ലൈസന്‍സ് കൂടി ഉള്‍പ്പെടുത്താമെന്നാണ് തീരുമാനം.

Related Articles

Latest Articles