ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ്, ഉദ്ധവ് താക്കറെ വിഭാഗം ശിവസേന എന്നിവയിൽനിന്ന് എൻഡിഎയിലെത്തിയ എംപിമാർക്ക് പൂർണ്ണ പിന്തുണയും ആത്മവിശ്വാസവും പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഴയ പാർട്ടികളിൽനിന്ന് രൂക്ഷമായ വിമർശനങ്ങളും നിയമനടപടികളും നേരിടുന്ന പശ്ചാത്തലത്തിൽ, “അവർ എന്ത് വേണമെങ്കിലും പറയട്ടെ, നിങ്ങൾ വിഷമിക്കേണ്ടതില്ല, ഞാൻ നിങ്ങൾക്കൊപ്പമുണ്ട്” എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എംപിമാർക്കായി ഒരുക്കിയ പ്രത്യേക പ്രഭാതഭക്ഷണ വിരുന്നിലായിരുന്നു ഈ ഉറപ്പ് നൽകിയത്.
തൃണമൂൽ വിട്ടെത്തിയ 20 പേരും ഉദ്ധവ് സേന വിട്ടെത്തിയ 6 പേരും ഉൾപ്പെടെ 45-ഓളം എംപിമാരാണ് പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തത്. തൃണമൂൽ വിമതർ എൻസിപിഐ (NCPI) എന്ന പാർട്ടി രൂപീകരിച്ചും ശിവസേനാ എംപിമാർ ഷിന്ദേ വിഭാഗത്തോടൊപ്പം ചേർന്നുമാണ് എൻഡിഎ സഖ്യത്തിന്റെ ഭാഗമായത്. നമ്മളെല്ലാം എൻഡിഎ കുടുംബത്തിന്റെ ഭാഗമാണെന്നും ജനക്ഷേമത്തിനായി എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞതായി വിരുന്നിൽ പങ്കെടുത്ത തൃണമൂൽ വിമത എംപി ജഗദീഷ് ബസൂനിയ മാധ്യമങ്ങളോട് വ്യക്തമാക്കി.
തലസ്ഥാനത്ത് ആരെ കാണുന്നുവെന്നും ആർക്കൊപ്പമാണ് ഇരിക്കുന്നതെന്നും പ്രത്യേകം ശ്രദ്ധിക്കണമെന്നും, ലെറ്റർഹെഡ് ഉപയോഗത്തിലും പൊതു പെരുമാറ്റത്തിലും അതീവ ജാഗ്രത പുലർത്തണമെന്നും എംപിമാർക്ക് പ്രധാനമന്ത്രി നിർദേശം നൽകി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ യുവാക്കളുമായി നിരന്തരം സംവദിക്കാനും സർക്കാരിന്റെ ക്ഷേമപദ്ധതികൾ വിശദീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, സഭയ്ക്കുള്ളിലെ സംഘർഷങ്ങൾ പുറത്തുകാണിക്കാതെ പാർട്ടിയുടെ നിലപാടുകൾ ശാന്തമായി സഭയിൽ അവതരിപ്പിക്കണമെന്നും, മാധ്യമങ്ങളിൽ അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കി പാർലമെന്റേറിയന്മാർക്ക് ചേർന്ന അന്തസ്സ് എപ്പോഴും പുലർത്തണമെന്നും മോദി വ്യക്തമാക്കി.

