Tuesday, May 14, 2024
spot_img

‘മിത്ത്’ രഹിത സമൂഹത്തിനായി പോരാടാം; ഷംസീറേ, താങ്കൾ സുന്നത്ത് കല്യാണത്തെ തള്ളിപറയുമോ ?

ഹിന്ദുവിശ്വാസങ്ങളെ അവഹേളിച്ചുകൊണ്ട് പരാമർശം നടത്തിയ സ്പീക്കർ എ എൻ ഷംസീറിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ഷംസീറിനോട് ചില സംശയങ്ങൾ ഉന്നയിക്കാൻ ഉണ്ടെന്നും അവയ്ക്ക് മറുപടി കിട്ടിയാൽ ഷംസീറിനൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നുമാണ്, സന്ദീപ് വചസ്പതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷംസീറിനെ വെല്ലുവിളിച്ചിരിക്കുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രം പുരോമിച്ചാൽ മതിയെന്ന സങ്കുചിത ചിന്തയാണോ സ്പീക്കർക്കുള്ളത് എന്നും ഇസ്ലാമിലേക്ക് ശാസ്ത്രീയത പകരാൻ എ.എൻ ഷംസീർ മുന്നിട്ടിറങ്ങുമോ എന്നും സന്ദീപ് വാചസ്പതി ചോദിക്കുന്നു. ഇസ്ലാം മത വിശ്വാസികൾക്ക് ശാസ്ത്രീയ ചിന്ത പകർന്ന് നൽകണമെന്ന് തോന്നാത്ത ഷംസീർ, കടുത്ത മുസ്ലീം വിരുദ്ധനാണെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാൻ സാധിക്കില്ലെന്നും സന്ദീപ് വാചസ്പതി പരിഹസിച്ചു.

മലയാളികളെ മിത്തിൽ നിന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന സ്പീക്കർ എ.എൻ ഷംസീറിന്റെ ശ്രമങ്ങൾക്ക് എല്ലാവരും പിന്തുണ നൽകേണ്ടതാണ്. ഗണപതി, പുഷ്പകവിമാനം എന്നിവയൊക്കെ മിത്തുകളായതിനാൽ അവയെ വഴിയിൽ ഉപേക്ഷിക്കണമെന്നാണ് തലശ്ശേരി എംഎൽഎ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത്രയും പുരോഗമന ചിന്താഗതി പുലർത്തുന്ന സ്പീക്കർ തലശ്ശേരിക്കാരുടെ മാത്രമല്ല മുഴുവൻ മലയാളികളുടെയും അഭിമാനമാണ്. അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ചില സംശയങ്ങൾ ഉന്നയിക്കുകയാണ്. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ താങ്കളോട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ഞാനും തയാറാണെന്ന് സന്ദീപ് വാചസ്പതി പറയുന്നത്. കെട്ടുകഥ, അനാചാരം എന്നിവയിൽ നിന്നുള്ള മോചനമാണ് മാനവരാശിയുടെ പുരോഗതിക്ക് അടിസ്ഥാനം. അതുകൊണ്ട് തന്നെ അത് എല്ലാ വിഭാഗങ്ങൾക്കും ആവശ്യമാണെന്നും എങ്കിലേ പുരോഗതിയിൽ സമത്വം ഉണ്ടാകൂയുള്ളുവെന്നും സന്ദീപ് വാചസ്പതി പറയുന്നു. കൂടാതെ, കേവലം ഹിന്ദുക്കൾ മാത്രം അതിൽ നിന്ന് മോചിതരായാൽ സമൂഹം ഒന്നടങ്കം പുരോഗതിയിലെത്തില്ല എന്ന് ഉറപ്പാണ്. ആരോടും മമതയോ വിദ്വേഷമോ കൂടാതെ പ്രവർത്തിക്കേണ്ടത്, ജനപ്രതിനിധിയെന്ന നിലയിൽ താങ്കളുടെ കടമയും ഉത്തരവാദിത്വവുമായതിനാൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും കെട്ടുകഥകളിൽ നിന്ന് മോചിപ്പിക്കാനുള്ള പരിശ്രമത്തിന് ഷംസീർ തയ്യാറുണ്ടോ എന്നും സന്ദീപ് വാചസ്പതി വെല്ലുവിളിക്കുന്നു.

അതേസമയം, നവോത്ഥാനവും ശാസ്ത്രീയ ചിന്തയുമൊക്കെ സ്വന്തം കുടുംബത്തിൽ നിന്ന് തുടങ്ങുക എന്നതാണ് ഏതൊരു മാതൃകാ പൊതുപ്രവർത്തകനും ചെയ്യേണ്ടത്. അതിനാൽ താങ്കളേപ്പറ്റിയുള്ള ചില ദുരാരോപണങ്ങൾക്ക് ആദ്യമേ മറുപടി നൽകണം. മുസ്ലീം സമുദായത്തിൽ ജനിച്ച താങ്കൾ സുന്നത്ത് കല്യാണം നടത്തിയിട്ടുണ്ടോ എന്നും സ്വതന്ത്ര ചിന്ത വേരുറപ്പിക്കുന്നതിന് മുമ്പ് ആരെങ്കിലും താങ്കളുടെ മേൽ അത് അടിച്ചേൽപ്പിച്ചതാണെങ്കിൽ ഇപ്പോൾ അതിനെ തള്ളിപ്പറയാൻ തയ്യാറുണ്ടോ എന്നും ഫിലോസഫിയിൽ ബിരുദം നേടിയ താങ്കൾ മകനുമേൽ ഇത്തരം അശാസ്ത്രീയതകൾ അടിച്ചേൽപ്പിച്ചിട്ടില്ല എന്ന് ലോകത്തോട് വിളിച്ചു പറയാൻ തയ്യാറാകുമോ എന്നും സന്ദീപ് വാചസ്പതി ചോദിക്കുന്നു. പുഷ്പക വിമാനമെന്ന ത്രേതായുഗത്തിലെ മിത്ത്, കാനായിലെ വെള്ളം വീഞ്ഞാക്കിയ രണ്ടായിരം വർഷം മുൻപുള്ള മിത്ത്, വിമാനത്തിൽ കയറി സാത്താനെ കല്ലെറിയാൻ പോകുന്ന ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ മിത്ത് ഇവയൊക്കെ ഒരേപോലെ നിർമ്മാർജ്ജനം ചെയ്യേണ്ടതല്ലേ? അതോ ഇവയൊക്കെ ഭൂരിഭാഗം മനുഷ്യ ജീവികളുടേയും സ്വകാര്യ വിശ്വാസ പ്രമാണം എന്ന നിലയിൽ കണ്ടില്ലെന്ന് നടിക്കണോ? തീരുമാനം നമ്മുടേതാണ്. ഇവയെ ഒക്കെ തുടച്ച് മാറ്റി നൂറ് ശതമാനം ശാസ്ത്രീയ ചിന്താഗതികൾ മാത്രമുള്ള സമൂഹം എന്നതാണ് തീരുമാനമെങ്കിൽ താങ്കൾക്കൊപ്പം ഞാനുമുണ്ട്. നമുക്കൊരുമിച്ച് ‘മിത്ത്’ രഹിത സമൂഹത്തിനായി പോരാടാമെന്നാണ് സന്ദീപ് വാചസ്പതി ഷംസീറിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Related Articles

Latest Articles