തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിൽ ബന്ധുവായ യുവതിക്കൊപ്പം ഇരുന്ന് യാത്ര ചെയ്തതിന് യുവാവിനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസിബസ് കണ്ടക്ടർക്ക് സസ്‌പെന്‍ഷൻ. തിരുവനന്തപുരം വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ മൈലച്ചല്‍ കോവില്‍വിള സ്വദേശി സുരേഷ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സുരേഷിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍.
തിരുവനന്തപുരത്തുനിന്ന് വെള്ളറടയിലേക്കു പോയ ബസില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണ(23)നാണ് ബസില്‍വെച്ച് കണ്ടക്ടറുടെ മര്‍ദനമേറ്റത്. തിരുവനന്തപുരത്തു നിന്ന് കാട്ടാക്കടയ്ക്ക് പോകാൻ ബസില്‍ കയറിയ ഋതിക് കൃഷ്ണനും ബന്ധുവായ യുവതിയും ഒരു സീറ്റില്‍ ഇരുന്നാണ് യാത്രചെയ്തത്. ഇതുകണ്ട കണ്ടക്ടര്‍ യുവാവിനോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാൽ ഇതിനു തയ്യാറാകാതിരുന്ന ഋതിക് കൃഷ്ണനെ കണ്ടക്ടർ അസഭ്യം പറയുകയും ടിക്കറ്റ് മെഷീന്‍ കൊണ്ട് അടിക്കുകയും നിലത്തിട്ട് മർദ്ദിക്കുകയുമായിരുന്നു.

