Wednesday, May 15, 2024
spot_img

ഫെബ്രുവരിയിലെ യാത്രകൾ മനോഹരമാക്കാം ; കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ

ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ നാല് വ്യത്യസ്ത പാക്കേജുകളാണ് ഫെബ്രുവരി മാസത്തിൽ ഉള്ളത്.
ഫെബ്രുവരി 03, 10, 17 തിയതികളിൽ പുറപ്പെടുന്ന വാഗമണ്‍- കുമരകം യാത്ര തുടക്കം മുതലേ സഞ്ചാരികൾ ഏറ്റെടുത്ത ഒന്നാണ്. വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന യാത്രയിൽ ഒന്നാമത്തെ ദിവസം വാഗമണ്ണിലും രണ്ടാമത്തെ ദിവസം കുമരകത്തും ആണ് ചിലവഴിക്കുന്നത്. പോകുന്ന ഇടങ്ങളിലെ പ്രധാന യാത്രാ ആകർഷണങ്ങളും ഹൗസ് ബോട്ട് യാത്രയും ഇതിൽ ഉൾപ്പെടുന്നു.

ഭക്ഷണവും താമസവും ഉൾപ്പെടുന്ന ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 3900 രൂപ വീതമാണ്.ഫെബ്രുവരി 11, 25 തിയതികളിലാണ് കണ്ണൂരിൽ നിന്നും മൂന്നാർ യാത്രാ പാക്കേജ് പോകുന്നത്. രാവിലെ ആറ് മണിക്കു ആരംഭിക്കുന്ന യാത്രയിൽ ആദ്യ ലക്ഷ്യസ്ഥാനം തൃശൂർ ചാലക്കുടിക്ക് സമീപം സ്ഥിതി ചെയ്യുന്ന അതിരപ്പള്ളി വെള്ളച്ചാട്ടമാണ്. അന്ന് രാത്രിയോടെ മൂന്നാറിലെത്തി അവിടെ താമസിച്ച് രണ്ടാമത്തെ ദിവസം മൂന്നാർ മുഴുവനും കാണുന്ന രീതിയിലാണ് യാത്ര സജ്ജമാക്കിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 2150 രൂപയാണ്. ഇത് ഭക്ഷണവും വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശ ഫീസും ഉള്‍പ്പെടാതെയുള്ള നിരക്കാണിത്.

ഫെബ്രുവരി 22ന് ആണ് കണ്ണൂരിൽ നിന്നും ആഢംബരകപ്പലായ നെഫ്രിറ്റിറ്റിയിലേക്കുള്ള യാത്ര. പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടുന്ന യാത്ര അറബിക്കടലിൽ ആഢംബര കപ്പലിലുള്ള യാത്രാനുഭവം നല്കുന്നു. ഉച്ചയോടെ എറണാകുളത്തെത്തി മൂന്നു മണിയോടെ കപ്പലിൽ കയറുവാൻ സാധിക്കും. തുടർന്ന് രാത്രി 9.00 മണി വരെ കപ്പലിൽ ചിലവഴിക്കാം.പിറ്റേന്ന് പുലർച്ചെ 5.00 മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്.

എല്ലാം ഉൾപ്പെടെ ഒരാൾക്ക് 3850 രൂപയാണ് നിരക്ക്.എല്ലാ ഞായറാഴ്ച ദിവസങ്ങളിലും കണ്ണൂർ ഡിപ്പോയിൽ നിന്നും നടത്തുന്ന വയനാട് യാത്രയാണ് മറ്റൊരു ആകർഷണം. ഒറ്റദിവസത്തെ യാത്രയിൽ എൻ ഊര് ഗോത്ര പൈതൃക ഗ്രാമം, ബാണാസുല സാഗർ അണക്കെട്ട്, തേൻ മ്യൂസിയം, ലക്കിടി വ്യൂ പോയിന്‍റ്, ചങ്ങലമരം എന്നിവ കാണും. തേയിലത്തോട്ടങ്ങൾ കാണുവാൻ സാധിക്കും. ടിക്കറ്റ് നിരക്ക്, പ്രവേശന നിരക്ക്, നാലു നേരത്തെ ഭക്ഷണം എന്നിവ ഉൾപ്പെടെ 1180 രൂപയാണ് നിരക്ക്.

Related Articles

Latest Articles