Saturday, November 7, 2026

ലൈഫ് മിഷൻ അഴിമതിയിൽ മന്ത്രി പുത്രനും പങ്ക്; സ്വപ്ന സുരേഷും മന്ത്രി പുത്രനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകൾ അന്വേഷണസംഘത്തിന്

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ കമ്മിഷനായി പോയെന്നു കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരിൽ സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രിയുടെ മകനും ഉള്ളതായി കേന്ദ്ര അന്വേഷണ ഏജൻസികൾക്കു സൂചന ലഭിച്ചു. സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും മന്ത്രിപുത്രനും തമ്മിലെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമാണ് ലഭിച്ചത്.

തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ മുറിയിൽ വച്ചുള്ളതാണ് ചിത്രങ്ങളെന്നും വിവരം ലഭിച്ചു. ഇതു പരിശോധിക്കുകയാണെന്നും സ്വപ്നയുമായുള്ള ഇടപാടിനു കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് മന്ത്രിപുത്രനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നുമാണു വിവരം.

ലൈഫ് മിഷൻ ഇടപാടിൽ കമ്മിഷനായി 4 കോടി രൂപ കൈമറിഞ്ഞതിൽ പ്രമുഖ പങ്ക് ഈ ആൾക്ക് ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. മന്ത്രി ദുബായിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപായിരുന്നത്രെ ഈ ഇടപാട്. സ്വപ്ന സുരേഷും മന്ത്രിപുത്രനും മറ്റൊരു ഇടനിലക്കാരനും ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു. ആദ്യം ഇവർക്കു കൈമറിഞ്ഞ 2 കോടിയിൽ 30 ലക്ഷം ഈ മൂന്നാമനു നൽകാമെന്നായിരുന്നുവത്രെ വാഗ്ദാനം. ഇതു പക്ഷേ, മന്ത്രിപുത്രൻ ലംഘിച്ചതോടെയാണ് ചിത്രങ്ങൾ പുറത്തേക്കു പോയത്. ഇതിൽ ചിലത് അന്വേഷണ സംഘത്തിനും കിട്ടി.

തിരുവനന്തപുരം സ്വർണക്കടത്തു കേസ് 3 കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കുന്നത്. കസ്റ്റംസ്, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 3 ഏജൻസികളുടെയും പക്കൽ മന്ത്രിപുത്രന് സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Related Articles

Latest Articles