Tuesday, May 14, 2024
spot_img

ജീവന് ഭീഷണി? എങ്കിൽ 12 ലക്ഷം രൂപ അടയ്‌ക്കൂ! നവകേരള സദസിൽ നൽകിയ പരാതിയ്ക്ക് കിട്ടിയ മറുപടിയിൽ ഞെട്ടി മൈനാഗപ്പള്ളി വെസ്റ്റ് കടപ്പ നിവാസികൾ

കൊല്ലം: നവകേരള സദസിൽ നൽകിയ പരാതിയ്ക്ക് ലഭിച്ച മറുപടിയിൽ ഞെട്ടി കൊല്ലം മൈനാഗപ്പള്ളി വെസ്റ്റ് കടപ്പ നിവാസികൾ. പ്രദേശത്തെ വീടുകൾക്ക് മുകളിലൂടെ അപകടകരമായി 11 കെ വി വൈദ്യുതി ലൈൻ കടന്നു പോകുന്നുണ്ട്. ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ട് കുടുംബങ്ങൾ നവകേരള സദസിൽ പരാതി നൽകിയിരുന്നു. എന്നാൽ 11 കെ വി ലൈൻ മാറ്റണമെങ്കിൽ 10 കുടുംബങ്ങളിൽ നിന്നായി 12,18,099 രൂപ നൽകണമെന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്. ജീവന് ഭീഷണിയായ വൈദ്യുതി ലൈൻ കാരണം പലരും സ്ഥലം ഉപേക്ഷിച്ച് പോയി.

വീടിനോട് തൊട്ട് തൊട്ടില്ല എന്ന നിലയിലാണ് 11 കെ.വി.ലൈൻ കടന്നുപോകുന്നത്. വീട് പുതുക്കിപ്പണിയാനോ സ്ഥലം വിൽക്കാനോ ആവാത്ത സ്ഥിതിയാണ് പ്രദേശവാസികൾക്കുള്ളത്. ജീവിതം പ്രതിസന്ധിയിലായതോടെയാണ് 41 പേർ ഒപ്പിട്ട ഹർജി നവകേരള സദസിൽ നൽകിയത്. മൈനാഗപ്പളളി കെഎസ്ഇബി സെക്ഷനാണ് അഞ്ചു പോസ്റ്റുകൾ സ്ഥാപിക്കുന്നതിനും ലൈൻ വലിക്കുന്നതിനുമായി 12,18,099 രൂപ ആവശ്യപ്പെട്ടത്.

റോഡിന്റെ വശത്തുകൂടി നിലവിലെ 11 കെ വി ലൈനുകൾ തമ്മിൽ ബന്ധിപ്പിച്ചാൽ തീരാവുന്ന പ്രശ്‌നമേയുള്ളൂ. പക്ഷേ ചെലവ് ഭൂവുടമകൾ വഹിക്കണമെന്നാണ് കെഎസ്ഇബി പറയുന്നത്. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് നിർധന കുടുംബങ്ങൾ. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകിയിട്ടുണ്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല.

Related Articles

Latest Articles