Sunday, May 19, 2024
spot_img

കുന്ന് കയറി എക്സൈസിന്റെ മിന്നൽ പരിശോധന; 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

കോഴിക്കോട്: വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി വില്‍ക്കാന്‍ തയ്യാറാക്കിയ വാറ്റ് എക്സൈസ് സംഘം പിടികൂടി. കന്നൂട്ടിപ്പാറ, പൂവന്മല ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. സംഭവത്തില്‍ എക്സൈസ് കേസെടുത്തു. താമരശ്ശേരി എക്സ്സൈസ് ഇൻസ്‌പെക്ടർ എൻ. കെ. ഷാജിയും പാർട്ടിയുമാണ് വ്യാജ വാറ്റ് പിടികൂടിയത്. പിടികൂടിയ വാഷ് ഒഴുക്കി നശിപ്പിച്ചു.

കട്ടിപ്പാറ, ചമൽ, എട്ടേക്ര പ്രദേശങ്ങളിൽ എക്സ്സൈസ് നിരന്തരമായി പരിശോധനകൾ നടത്തുകയും വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തിരുന്നു. നിരന്തരം പരിശോധന നടക്കുന്നതിനാല്‍ എക്സൈസിനെ വെട്ടിക്കാന്‍ ആർക്കും എത്തിപ്പെടാൻ പറ്റാത്ത മലയുടെ കുത്തനെയുള്ള ചെരുവുകളിലാണ് ഇപ്പോള്‍ വാറ്റുകേന്ദ്രങ്ങൾ ഒരുക്കുന്നത്.

ഇന്ന് കണ്ടെത്തിയ കേന്ദ്രം ചിങ്ങണാംപൊയിലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെ മലയിലാണ്. എക്സൈസ് സംഘം കാൽനടയായി കയറിയാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രവേശ്. എം, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷാജു.സി.ജി, രബിൻ. ആർ.ജി. എന്നിവരടങ്ങിയ സംഘമാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Latest Articles