ലക്‌നൗ: അയോധ്യ സാധ്യമാക്കാൻ കഴിഞ്ഞുവെങ്കിൽ പിന്നെ മഥുരയും വൃന്ദാവനും എന്തുകൊണ്ട് യാഥാർത്ഥ്യമാക്കിക്കൂടാ എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath). ഹിന്ദുക്കളുടെ വിശുദ്ധനഗരങ്ങളായ മഥുരയും വൃന്ദാവനും വീണ്ടെടുക്കാൻ പരിശ്രമിക്കുമെന്നും യോഗി വ്യക്തമാക്കി. അയോധ്യാവിധി ഹിന്ദുക്കൾ ഏറെ നാളുകളായി കാത്തിരുന്ന രാമക്ഷേത്രത്തിന് വഴിയൊരുക്കിയെന്നും സമാനമായ രീതിയിൽ വിശുദ്ധനഗരങ്ങളെ തിരിച്ചുപിടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫറൂഖാബാദിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു യോഗിയുടെ പ്രതികരണം. അയോദ്ധ്യ സാധ്യമായെങ്കിൽ, നമുക്ക് മഥുരയും-വൃന്ദാവനും എന്തുകൊണ്ട് സാധ്യമാക്കിക്കൂടാ’ എന്ന് അദ്ദേഹം ചോദിച്ചു. അയോധ്യയുടേയും കാശി വിശ്വനാഥ ക്ഷേത്രത്തിന്റേയും മാതൃകയിൽ മഥുരയിൽ ശ്രീകൃഷ്ണ ക്ഷേത്രം നിർമ്മിക്കണമെന്ന് മഥുരയിൽ നിന്നുള്ള ബിജെപി ലോക്സഭാ എംപി ഹേമമാലിനി ഈ മാസം ആദ്യം പറഞ്ഞിരുന്നു. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മഭൂമിയായാണ് മഥുര-വൃന്ദാവനം കണക്കാക്കുന്നത്. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് ഏറെ അഭിമാനകരമാണെന്നും ഹേമമാലിനി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ഊട്ടിയുറപ്പിക്കുന്ന യോഗിയുടെയും പ്രസ്താവന.

