Saturday, May 18, 2024
spot_img

ലോക സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പി.എസ്.ജി അധികൃതര്‍

പാരീസ്:ലോക സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മെസ്സിയ്‌ക്കൊപ്പം പി.എസ്.ജിയിലെ മറ്റ് മൂന്ന് താരങ്ങള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട് . പി.എസ്.ജിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

മെസ്സിയെ കൂടാതെ പ്രതിരോധ താരം യുവാന്‍ ബെര്‍നാട്, ഗോള്‍കീപ്പര്‍ സെര്‍ജിയോ റിക്കോ, മിഡ്ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമസാല എന്നീ താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേരും ഐസൊലേഷനില്‍ പ്രവേശിച്ചു.

അതേസമയം മെസ്സിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പി.എസ്.ജി അധികൃതര്‍ വ്യക്തമാക്കി. മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഏഴ് തവണ സ്വന്തമാക്കിയ മെസ്സി ഈ സീസണിലാണ് ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയത്.

ഫ്രഞ്ച് കപ്പില്‍ വാനെസിനെതിരായ മത്സരത്തിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതനായതോടെ മെസ്സിക്ക് ഈ മത്സരത്തില്‍ കളിക്കാനാവില്ല.

മാത്രമല്ല പരിക്കുമൂലം നെയ്മറും പി.എസ്.ജിയ്ക്ക് വേണ്ടി കളിക്കുന്നില്ല. ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ എംബാപ്പെ ടീം വിടാനും സാധ്യതയുണ്ട്. ഇവയെല്ലാം പി.എസ്.ജിയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

എന്നാൽ പി.എസ്.ജിയ്ക്ക് വേണ്ടി 16 മത്സരങ്ങള്‍ കളിച്ച മെസ്സി ആറുഗോളുകള്‍ നേടിയിട്ടുണ്ട്. നിലവില്‍ ലീഗ് വണ്ണില്‍ പി.എസ്.ജിയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 19 മത്സരങ്ങളില്‍ നിന്ന് 46 പോയന്റുകളുള്ള പി.എസ്.ജി രണ്ടാമതുള്ള നീസിനേക്കാള്‍ 13 പോയന്റ് മുന്നിലാണ്.

Related Articles

Latest Articles