Sunday, May 5, 2024
spot_img

സാഹിത്യകാരൻ സതീഷ്‌ബാബു പയ്യന്നൂർ അന്തരിച്ചു; തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു

തിരുവനന്തപുരം: സാഹിത്യകാരൻ സതീഷ്ബാബു പയ്യന്നൂർ (59) അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് . ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്‍ററികളും സംവിധാനംചെയ്തു.വഞ്ചിയൂർ മാതൃഭൂമി റോഡിലുള്ള ഫ്ലാറ്റിലാണ് സതീഷ്ബാബു താമസിച്ചിരുന്നത്. അദ്ദേഹവും ഭാര്യയുമായിരുന്നു ഫ്ലാറ്റിൽ താമസം. കഴിഞ്ഞ ദിവസം ഭാര്യ നാട്ടിൽ പോയിരുന്നു.

ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷം സതീഷ്ബാബു ഫ്ലാറ്റിന് പുറത്തിറങ്ങിയിട്ടില്ല എന്നാണ് സമീപത്ത് താമസിക്കുന്നവർ പറഞ്ഞത്. ബന്ധുക്കളും ഭാര്യയും രാവിലെ മുതൽ ഫോണിൽ വിളിക്കുന്നുണ്ടെങ്കിലും പ്രതികരിച്ചിരുന്നില്ല. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും പോലീസെത്തി വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ സതീഷ്ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നും വിശദ പരിശോധന ഉടൻ നടത്തുമെന്നും പൊലീസ് പറഞ്ഞു.

കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള ഭാരത് ഭവന്‍റെ മെമ്പർ സെക്രട്ടറിയായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. 1992 ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു.

1963 ൽ പാലക്കാട്‌ ജില്ലയിലെ പത്തിരിപ്പാലയിലാണ് സതീഷ് ബാബു ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലും പയ്യന്നൂരിലെ കോളജിലും പഠിക്കുന്ന കാലത്തുതന്നെ എഴുത്തിൽ സജീവമായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസർകോട്‌ ‘ഈയാഴ്‌ച’ വാരികയുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. നക്ഷത്രക്കൂടാരം, ഓ ഫാബി എന്നീ ചിത്രങ്ങൾക്കു തിരക്കഥയെഴുതിയെങ്കിലും പിന്നീട് തിരക്കഥയെഴുത്തിൽനിന്നു പിൻവലിഞ്ഞു. 2001 ൽ ബാങ്ക് ജോലി ഉപേക്ഷിച്ച് ദൃശ്യമാധ്യമരംഗത്തെത്തി. പനോരമ എന്ന സ്വന്തം സ്ഥാപനത്തിലൂടെ ടെലിവിഷൻ ഷോകൾ നിർമിച്ച് അവതരിപ്പിച്ചു. കേരള സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള ഭാരത് ഭവന്‍റെ മെമ്പർ സെക്രട്ടറിയായിരുന്നു.

Related Articles

Latest Articles