Saturday, September 19, 2026

നിരീശ്വരവാദികളുടെ സമ്മേളനത്തിൽ നെഞ്ചുവിരിച്ച് ചെന്നുകയറിയ സന്ദീപ് വാചസ്പതിക്ക് നേരിടേണ്ടിവന്നത് ചൂടാറിയ പഴഞ്ചൻ വാദമുഖങ്ങൾ മാത്രം; ഭ്രൂണവും ശൂലവും ഇല്ലായിരുന്നെങ്കിലും മറുപക്ഷം എടുത്തുപയറ്റിയത് വിചാര ധാരയും ചതുർവർണ്യവും; സ്വതന്ത്രചിന്തകരുടെ മടയിൽ ചെന്ന് ചൂടേറിയ സംവാദത്തിൽ സി രവി ചന്ദ്രനെ മലർത്തിയടിച്ച് വാചസ്പതി

തിരുവനന്തപുരം: നിരീശ്വരവാദികളുടെ മടയിൽച്ചെന്ന് അവരുടെ രോമാഞ്ചമായ സി രവിചന്ദ്രനെ മലർത്തിയടിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ തെളിവുകൾ നയിക്കട്ടെ എന്ന അടയാളവാക്യത്തോടെ നടക്കുന്ന ലിറ്റ്മസ് 23 എന്ന നിരീശ്വരവാദികളുടെ സമ്മേളനത്തിലാണ് ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിനാപത്തോ എന്ന വിഷയത്തിൽ ചൂടേറിയ സംവാദം നടന്നത്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വക്താവായത് ബിജെപി നേതാവ് സന്ദീപ് വാചസ്പതി മറുപക്ഷത്ത് സ്വതന്ത്ര ചിന്തകരുടെ രോമാഞ്ചമായ സി രവിചന്ദ്രൻ. അഞ്ചു മിനിറ്റുകൾ നീളമുള്ള അഞ്ചു സെഷനുകൾ വീതമാണ് ഓരോരുത്തർക്കുമുണ്ടായിരുന്നത്. ആദ്യ അവസരം നറുക്കെടുപ്പിലൂടെ സി രവിചന്ദ്രന്.

ഹിന്ദുത്വ രാഷ്ട്രീയം നാടിനാപത്താണെന്നും സാംകാരിക ദേശീയത എന്നത് കൊണ്ട് ബിജെപി ഉദ്ദേശിക്കുന്നത് ഹിന്ദു മതത്തെ ദേശീയതയാക്കി മാറ്റലാണെന്നും. രാജ്യത്തെ ഒരു മതരാഷ്ട്രമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ആദ്യ പടിയാണിതെന്നും രവിചന്ദ്രൻ തുടങ്ങിവച്ചു. എന്നാൽ ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തിന് മാത്രമല്ല പുൽക്കൊടിയും പുഴുക്കളും അടങ്ങുന്ന ലോകത്തിലെ ഒരു ചരാചരങ്ങൾക്കും ആപത്തല്ലെന്നും വാചസ്പതി തിരിച്ചടിച്ചു. 1976 ൽ ഭരണഘടനയിൽ വിളക്കിച്ചേർക്കപ്പെട്ടതാണ് രവിചന്ദ്രൻ പറയുന്ന മതേതരത്വമെന്നും എന്നാൽ 76 നു മുന്നേയും ഭാരതം മതേതരമായിരുന്നെന്നും ധർമ്മമാണ് ഭാരതത്തിന്റെ അടിസ്ഥാന മൂല്യമെന്നും കൂട്ടിച്ചേർത്തു. വികസനമല്ല രാമക്ഷേത്രം പോലെയുള്ള അജണ്ടകളാണ് ബിജെപിയെ നയിക്കുന്നതെന്നും ഭൂരിപക്ഷ മത വിഭാഗത്തിനനുകൂലമായി ബിജെപി മതേതരത്വത്തെ പുനർ നിർവ്വചിച്ചിരിക്കുകയാണെന്നും പ്രാദേശിക ഭാഷകളെ പോലും ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമിക്കുകയാണെന്നുംസ്ഥാപിക്കാൻ രവിചന്ദ്രൻ ശ്രമിച്ചെങ്കിലും 2014 നു ശേഷമുള്ള കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് എണ്ണിപ്പറഞ്ഞ് സന്ദീപ് തിരിച്ചടിച്ചു.

പുതിയ ആശയങ്ങൾ കൊണ്ടുള്ള ബൗദ്ധിക യുദ്ധമായിരിക്കും പുരോഗമന ചിന്താഗതിക്കാർ എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന സ്വതന്ത്ര ചിന്തകരുടെ വേദിയിലുണ്ടാകുക എന്ന പ്രതീക്ഷ തെറ്റുന്ന നിമിഷങ്ങളായിരുന്നു പിന്നീട് കണ്ടത്. ആദ്യം അവതരിപ്പിക്കപ്പെട്ട വാദമുഖങ്ങൾ സന്ദീപ് ഫലപ്രദമായി തന്നെ പ്രതിരോധിച്ചപ്പോൾ പിന്നെ രവിചന്ദ്രൻ പഴകി തുരുമ്പിച്ച വാദങ്ങളിലേക്ക് ചുവടു മാറി. ഭ്രൂണവും ശൂലവുമൊന്നും കടന്നുവന്നില്ലെങ്കിലും വിചാര ധാരയും, ആഭ്യന്തര ശത്രുക്കളും, ചതുർവർണ്യവും പോലുള്ള നിരവധി തവണ വിശദീകരിക്കപ്പെട്ട വസ്തുതകളിലേക്ക് പിന്നീട് സംവാദം മാറി. വിഘടനവാദികളെയും ഭാരതത്തെ 17 ആയി മുറിക്കണമെന്ന ആവശ്യമുന്നയിച്ച കമ്മ്യൂണിസ്റ്റുകളെയും പുറത്താക്കണമെന്ന് വിചാരധാരയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അതിലെന്താണ് തെറ്റെന്ന് പുതിയ രീതിയിൽ തന്നെ തിരിച്ചടിയുണ്ടായി.

സനാതന ധർമ്മമെന്നാൽ ചാതുർ വർണ്യമാണെന്നും ബിജെപി രാജ്യത്തെ പിന്നോട്ട് നടത്തിക്കുകയാണെന്നുമുള്ള വാദഗതികളും ബ്രാഹ്മണിക്കൽ ഹെജ്മണി പോലുള്ള സ്ഥിരം പല്ലവികളും മാത്രമാണ് സന്ദീപിനെതിരെ സി രവിചന്ദ്രന് സംവാദത്തിലുടനീളം പ്രയോഗിക്കാനുണ്ടായിരുന്നുള്ളു. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളെയും കമ്മ്യൂണിസ്റ്റുകളുടെയും ഇസ്ലാമിസ്റ്റുകളുടെയും നശീകരണ സ്വഭാവത്തെ കുറിച്ചുള്ള സന്ദീപിന്റെ പരാമർശങ്ങളെ രവിചന്ദ്രൻ ബോധപൂർവ്വം സ്പർശിച്ചതുമില്ല. ഹിന്ദുത്വത്തിന്റെ നിത്യനവീകരണ സ്വഭാവത്തെ നിരവധി ഉദാഹരണങ്ങൾ കൊണ്ട് എടുത്തുകാണിക്കാൻ വാചസ്പതിക്ക് കഴിഞ്ഞപ്പോൾ രവിചന്ദ്രൻ അസാധാരണമായി പ്രതിരോധത്തിലാകുന്നതും കണ്ടു. യുക്തിവാദികളുടെ സമ്മേളനമായതുകൊണ്ടും നിശാഗന്ധി അവരെക്കൊണ്ട് നിറഞ്ഞിരുന്നതുകൊണ്ടും സദസ്സിന്റെ പിന്തുണ സ്വാഭാവികമായും രവിചന്ദ്രനായിരുന്നു.

Related Articles

Latest Articles