Saturday, June 1, 2024
spot_img

തദ്ദേശ തിരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുത്: ഹൈക്കോടതി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ 2019ലെ വോട്ടര്‍ പട്ടിക തന്നെ അടിസ്ഥാനമാക്കാമെന്ന് ഹൈക്കോടതി. 2015ലെ പട്ടികയുടെ അടിസ്ഥാനത്തില്‍ ഒക്‌ടോബറില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ യുഡിഎഫ് സമര്‍പ്പിച്ച ഹര്‍ജി ശരി വച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. നേരത്തേ ഈ വിഷയം ചൂണ്ടിക്കാട്ടി യുഡിഎഫ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.

2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സംസ്ഥാന സര്‍ക്കാറും അംഗീകരിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസും മുസ്‌ലിം ലീഗും കോടതിയെ സമീപിക്കുകയായിരുന്നു. 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കുന്നത് വലിയ പണച്ചെലവുണ്ടാക്കുമെന്നും പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

2015ലാണ് വാര്‍ഡ് തലത്തിലുള്ള പട്ടിക തയാറാക്കിയതെന്നും 2019ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് വേണ്ടി തയാറാക്കിയത് ബൂത്ത് തലത്തിലുള്ള പട്ടികയാണെന്നും ഇതില്‍ മാറ്റം വരുത്തുകയെന്നത് പ്രയാസകരമാണെന്നുമായിരുന്നു കമ്മീഷന്റെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.

Related Articles

Latest Articles