Wednesday, May 29, 2024
spot_img

മരണത്തിൽ ദുരൂഹതയില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്; റിഫയുടേത് ആത്മഹത്യയാണെങ്കിൽ അതിന്റെ കാരണമറിയണമെന്ന് മാതാപിതാക്കൾ; തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മെഹ്നാസ് ഒളിവിൽ പോയതെന്തിന് ?

കോഴിക്കോട്: വ്‌ളോഗറും ആൽബം താരവുമായ റിഫമെഹ്നുവിന്റേത് ആത്മഹത്യയാണെങ്കില്‍ അതിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് റിഫയുടെ മാതാവ് ഷെറീന. മകളെ ആരാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് കണ്ടെത്തണമെന്നും റിഫയുടെ ഉമ്മ പറഞ്ഞു. റിഫയുടേത് തൂങ്ങിമരണമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് അവരുടെ പ്രതികരണം. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ഭർത്താവ് മെഹ്നാസ് എന്തിനാണ് ഒളിവില്‍ പോയതെന്നും ഷെറീന ചോദിച്ചു. ദുബായില്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റിഫയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷമാണ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. റിഫയുടെ കഴുത്തില്‍ കണ്ടെത്തിയ അടയാളം തൂങ്ങി മരണത്തിന്റേതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങള്‍കൂടി വരാനുണ്ട്.

റിഫയുടെ മരണത്തില്‍ കാസര്‍കോട് സ്വദേശിയും യൂട്യൂബറുമായ ഭര്‍ത്താവ് മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിരുന്നു. മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കാക്കൂര്‍ പോലീസ് കേസെടുത്തത്. മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഒളിവിലുള്ള മെഹ്നാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.

മാര്‍ച്ച് ഒന്നിനാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്നു മൃതദേഹം സ്വദേശമായ കാക്കൂരിലെത്തിച്ച് കബറടക്കി. പോസ്റ്റുമോര്‍ട്ടം നടത്താതെയായിരുന്നു ആദ്യം കബറടക്കിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് റിഫയുടെ മാതാപിതാക്കൾ ആരോപിച്ചതിനെ തുടർന്ന് മേയ് ഏഴിനു മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു.

Related Articles

Latest Articles