Thursday, May 2, 2024
spot_img

അതിതീവ്ര കോവിഡ് വ്യാപനം; പുരി ജഗന്നാഥ ക്ഷേത്രം 31 വരെ അടച്ചിടും

പുരി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളിലേയ്ക്ക് കടക്കുകയാണ് പല സംസ്ഥാനങ്ങളും. ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും ഇതോടനുബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരികയാണ്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പുരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രം (Sri Jagannatha Temple Puri)അടച്ചിടാൻ തീരുമാനം. ജനുവരി 10 മുതൽ 31 വരെ ക്ഷേത്രം പൂർണമായും അടയ്‌ക്കും. ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് അംഗങ്ങൾക്കും ജീവനക്കാർക്കും കൊറോണ ബാധിച്ചതിന് പിന്നാലെയാണ് അടിയന്തര യോഗം ചേർന്ന് തീരുമാനം എടുത്തത്.

ക്ഷേത്ര ഉപദേശക സമിതിയായ ഛത്തിസ നിജോഗിന്റെ തീരുമാനപ്രകാരമാണിത്. ക്ഷേത്രം ഭരണസമിതിയിലെ ജീവനക്കാരും, ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഭക്തരുടേയും ക്ഷേത്ര ജീവനക്കാരുടേയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. ഛത്തിസ നിജോഗിന്റെ യോഗത്തിൽ പങ്കെടുത്ത എല്ലാവരും കൂട്ടമായാണ് തീരുമാനം എടുത്തതെന്നും പുരി ജില്ല മജിസ്‌ട്രേറ്റ് സമർത് വർമ്മ പറഞ്ഞു.

അതേസമയം ക്ഷേത്രത്തിലെ പ്രതിദിന പൂജകൾ നടക്കും. ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന പൂജാരികൾ ക്ഷേത്രം തുറന്ന് പതിവ് പൂജകൾ നടത്തും. ആവശ്യത്തിന് ജീവനക്കാരും ഇവരെ സഹായിക്കാനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.

Related Articles

Latest Articles