കോഴിക്കോട് : ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികർക്ക് പരിക്ക്. കോഴിക്കോട് താമരശ്ശേരിയിൽ ദേശീയ പാതയിലെ കുഴിയിൽ വീണാണ് രാവിലെ ആറരയോടെ അപകടമുണ്ടായത്. സലിം, ഭാര്യ സുബൈദ എന്നിവർക്കാണ് പരിക്കേറ്റത്. പിന്നാലെ വന്ന ലോറിക്ക് അടിയിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. സാരമായി പരുക്കേറ്റ ദമ്പതികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിച്ചതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ ദേശീയപാതയിലെ കുഴി അടയ്ക്കൽ പൂർത്തിയാക്കിയിരുന്നു. കാസർകോട് ജില്ലയിൽ ദേശീയപാതയിലെ കുഴികൾ അടയ്ക്കലും ദേശീയപാത വീതി കൂട്ടലും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തി വിലയിരുത്തിയിരുന്നു. നെടുമ്പാശേരിയിൽ യാത്രക്കാരൻ കുഴിയിൽ വീണ് മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് ഒരാഴ്ചയ്ക്കകം കുഴികളടച്ച് റോഡുകൾ ഗതാഗത യോഗ്യമാക്കാൻ കഴിഞ്ഞ 8ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്.

