തൊടുപുഴ : പൂർവവിദ്യാർത്ഥി സംഗമത്തിൽ നീണ്ട 35 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടിയ കമിതാക്കൾ പ്രണയം മൊട്ടിട്ടതിനെ തുടർന്ന് കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. എറണാകുളം മൂവാറ്റുപുഴയില്‍ വച്ച് സംഘടിപ്പിച്ച 1987 ബാച്ച് പത്താംക്ലാസുകാരുടെ സംഗമത്തിലാണ് അൻപതു വയസ്സു പിന്നിട്ട ഇടുക്കി കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വർഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും പിന്നാലെ ഒളിച്ചോടുന്നതും.
സംഗമത്തിൽ വച്ച് പരസ്പരം അടുത്ത ഇരുവരും മൂന്നാഴ്ചകൾക്കു ശേഷം കുടുംബത്തെ ഉപേക്ഷിച്ച് കടക്കുകയായിരുന്നു. കരിമണ്ണൂര്‍ സ്വദേശിനിക്ക് ഭർത്താവും കുട്ടികളുമുണ്ട് . മൂവാറ്റുപുഴ സ്വദേശിക്കും ഭാര്യയും കുട്ടികളുമുണ്ട്. വീട്ടമ്മയെ കാണാനില്ലെന്ന് ഭര്‍ത്താവ് കരിമണ്ണൂര്‍ പൊലീസിൽ പരാതി നല്‍കി. ഭര്‍ത്താവിനെ കാണാനില്ലെന്നു മൂവാറ്റുപുഴ സ്വദേശിയുടെ ഭാര്യ മൂവാറ്റുപുഴ പൊലീസിലും പരാതി നല്‍കി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി മനസിലായി. മൂവാറ്റുപുഴ പൊലീസ് ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതു പ്രകാരം ഇവര്‍ ഇന്നലെ പൊലീസ് സ്റ്റേഷനില്‍ എത്തി.

