ടോക്കിയോ: ടോക്കിയോയിൽ ഇന്ത്യയുടെ മൂന്നാം മെഡലും വനിതാക്കരുത്തിൽ. ഒളിംപിക്‌സ് ഇടിക്കൂട്ടിൽ ഇന്ത്യയുടെ ലവ്‍ലിന ബോർഗോഹെയ്‌ന് വെങ്കലത്തോടെ മടക്കം. വനിതാ ബോക്‌സിംഗ് 69 കിലോ വിഭാഗം സെമിയില്‍ ലോകം ഒന്നാം നമ്പര്‍ താരം തുർക്കിയുടെ ബുസേനസാണ് ലവ്‍ലിനയെ തോല്‍പിച്ചത്. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ ഭാരോദ്വഹനത്തില്‍ മീരബായ് ചനു വെള്ളിയും ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കലവും നേടിയിരുന്നു.

അതേസമയം മേരി കോമിന് ശേഷം വെങ്കലം നേടുന്ന ആദ്യവനിത ബോക്സര്‍ കൂടിയാണ് ലവ്‍ലിന. ക്വാർട്ടറിൽ പുറത്തെടുത്ത അസാമാന്യ പ്രകടനം ആവർത്തിക്കാനാകാതെ പോയതോടെയാണ് ലവ്‍ലിനയുടെ പോരാട്ടം സെമിയിൽ അവസാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയിയുടെ നീൻ ചിൻ ചെന്നിനെ നിലംപരിശാക്കി സെമിയിലെത്തിയപ്പോൾത്തന്നെ ലവ്‍ലിന ഒളിംപിക്സ് മെഡൽ ഉറപ്പിച്ചിരുന്നു. എന്നാൽ ഇന്ന് ഒളിംപിക്‌സില്‍ ഇന്ത്യയുടെ തുടക്കം ശുഭ വാര്‍ത്തയോടെയായിരുന്നു. ജാവലിന്‍ ത്രോയിൽ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലെത്തി. ഒറ്റയേറില്‍ യോഗ്യതാ മാര്‍ക്കായ 83.50 മറികടന്നു. 86.65 മീറ്റര്‍ ആദ്യ ശ്രമത്തില്‍ നേടാന്‍ നീരജിനായി.

