കരസേനയ്ക്ക് ഇനി പുതിയ നായകൻ; ലെഫ്.ജനറൽ മനോജ് പാണ്ഡെ പുതിയ കരസേനാമേധാവി
ദില്ലി: കരസേനാ ഉപമേധാവി ലഫ്. ജനറൽ മനോജ് പാണ്ഡെ കരസേനാ മേധാവിയാകും. എഞ്ചിനീയറിങ് വിഭാഗത്തിൽ നിന്ന് മേധാവിയാകുന്ന ആദ്യ വ്യക്തിയാകും മനോജ് പാണ്ഡെ. നിലവിലെ മേധാവി ലഫ്. ജനറൽ എം എം നരവനെ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1982ൽ ബോംബെ സാപ്പേഴ്സ് യൂണിറ്റിലാണ് ലഫ്. ജനറൽ പാണ്ഡെ കമ്മിഷൻഡ് ഓഫീസറായി ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. തുടർന്ന് ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം തുടങ്ങിയവയിൽ പങ്കെടുത്തു.
അതേസമയം ജമ്മുകാശ്മീർ അതിർത്തിയിൽ എൻജിനീയർ റെജിമെന്റിലും ഇൻഫൻട്രി ബ്രിഗേഡിലും പടിഞ്ഞാറൻ ലഡാക്കിലെ പർവത നിരകളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികളിലും സുപ്രധാന ചുമതലകൾ വഹിച്ചു. എത്യോപ്യ, എറിത്രിയ രാജ്യങ്ങളിലെ യു.എൻ ദൗത്യങ്ങളിലും പങ്കെടുത്തു.ദില്ലിയിൽ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്‌ടർ ജനറൽ പദവിയിലും സേവനമനുഷ്ഠിച്ചു.

