Friday, May 17, 2024
spot_img

നേപ്പാൾ ഉടൻ തകർന്നടിയുമോ? നിലവിളിച്ച് ജനങ്ങൾ ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്ക് സംഭവിച്ചതെന്ത്??

ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്കയ്ക്ക് പിന്നാലെയാണ് നേപ്പാളിലും സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുന്നെന്ന് റിപ്പോർട്ട്. ഇന്ധനക്ഷാമവും പെട്രോളിയം ഉത്പന്നങ്ങളുടെ വില കുത്തനെ കൂടിയതും, വിദേശ നാണ്യശേഖരം കുറഞ്ഞതും നേപ്പാളിനേയും വലക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് രണ്ട് ദിവസം പൊതുഅവധി നല്‍കാനും നേപ്പാള്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേപ്പാള്‍ സെന്‍ട്രല്‍ ബാങ്കും ഓയില്‍ കോര്‍പറേഷനുമാണ് ഇത്തരം ഒരു നിര്‍ദേശം സര്‍ക്കാറിന് മുന്നിലേക്ക് വെച്ചിരിക്കുന്നത്.

രാജ്യത്തിന്‍റെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഏഴ് മാസം കൊണ്ട് 16 ശതമാനം കുറവ് രേഖപ്പെടുത്തി. രാജ്യത്ത് ഇറക്കുമതിക്ക് കർശന നിയന്ത്രണങ്ങളാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ധനക്ഷാമത്തെ തുടർന്ന് വില കുതിച്ചുയർന്നതോടെ അവശ്യവസ്തുക്കളുടെ വിലയും ഇരട്ടിയായി. പെട്രോൾ ലിറ്ററിന് 150 രൂപയും ഡീസലിന് 133 രൂപയുമാണ് നിലവിലെ വില. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസത്തെ അവധി നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇന്ധന ഉപഭോഗം കുറയ്ക്കാനാണിത്. നിലവിലെ റഷ്യൻ-യുക്രൈൻ യുദ്ധത്തെ തുടര്‍ന്ന് ഇന്ധനക്ഷാമമുണ്ട്. പ്രധാന എണ്ണ ഉത്പാദകരായ ഇറാനും വെനസ്വേലയും പെട്രോളിയം വിൽക്കുന്നതിൽ ഉപരോധം നേരിടുകയാണ്.

കൊവിഡ് കാലത്ത് രാജ്യത്തെ ടൂറിസം മേഖല തകര്‍ന്നതിനെ തുടര്‍ന്നാണ് വിദേശനാണ്യ ലഭ്യത കുറഞ്ഞത്. വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, പുറം രാജ്യങ്ങളിലുള്ള നേപ്പാള്‍ പൗരന്മാരോട് ബാങ്കുകളിൽഡോളര്‍ അക്കൗണ്ടുകള്‍ ആരംഭിക്കാനും നിക്ഷേപങ്ങള്‍ നടത്താനും സര്‍ക്കാര്‍ നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം സംഭവിച്ച രാഷ്‌ട്രീയ പ്രതിസന്ധി നേപ്പാളിൽ സാമ്പത്തിക പ്രതിസന്ധി വരുത്തിവെച്ചു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇപ്പോൾ തകരുമെന്ന അവസ്ഥയിലാണ് നേപ്പാൾ എന്നും പ്രതിപക്ഷ നേതാക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്.

നേപ്പാളിൽ, ശർമ്മ ഒലി സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച രാഷ്‌ട്രീയ പ്രതിസന്ധിക്ക് പിന്നാലെ 2021 ജൂലൈ മുതൽ വിദേശനാണ്യ കരുതൽ ശേഖരം കുറയുകയാണ്. വിനോദസഞ്ചാരത്തിൽ നിന്നും കയറ്റുമതിയിൽ നിന്നുമുള്ള വരുമാനം കുത്തനെ കുറഞ്ഞപ്പോൾ ഇറക്കുമതി കുതിച്ചുയരുകയും ചെയ്തു. ഇതാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണമായത്.

എന്നാൽ രാജ്യം അത്രമാത്രം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നില്ലെന്ന് നേപ്പാൾ ധനമന്ത്രി ജനാർദ്ദൻ ശർമ്മ പറഞ്ഞു. നേപ്പാളിലെ പ്രതിസന്ധിയെക്കുറിച്ച് നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും ഉത്പാദനം-വരുമാന വ്യവസ്ഥയുടെ കാര്യത്തിൽ നേപ്പാൾ താരതമ്യേന മെച്ചപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഡംബര വസ്തുക്കളുടെ ഇറക്കുമതി കാരണം രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സമ്മർദ്ദത്തിലാണ്. എന്നാൽ നേപ്പാളിന് വലിയ വിദേശ കടബാധ്യതയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും മൂലം തകർന്നടിയുകയാണ് ദ്വീപ് രാജ്യമായ ശ്രീലങ്ക. കൊറോണ മഹാമാരി ഉയർത്തിയ ആഗോള പ്രതിസന്ധിയാണ് ശ്രീലങ്കയെ ഈ അവസ്ഥയിലാക്കിയത്. എന്നാൽ ഇതിൽ നിന്നും കരകയറാൻ രാജ്യത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനിടെയാണ് ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന വാർത്തകൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

സ്വാതന്ത്ര്യം ലഭിച്ച ശേഷം ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ശ്രീലങ്ക ഇപ്പോൾ കടന്നുപോകുന്നത്. ഭക്ഷണമോ, മരുന്നോ, ഇന്ധനമോ ഇല്ലാതെയാണ് ആളുകൾ ജീവിക്കുന്നത്. അതിനിടെ നിരന്തരം ഉണ്ടാകുന്ന പവർക്കട്ടുകളും ജനജീവിതത്തെ ബാധിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജി വെയ്‌ക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ഭരണകൂടം അതിന് തയ്യാറാകുന്നില്ല.

ഭരണ പ്രതിസന്ധി പുതുമയല്ലെങ്കിലും നേപ്പാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും രാഷ്‌ട്രീയ അനിശ്ചിതത്വത്തിലേക്കും നീങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിനോദ സഞ്ചാരത്തെയും പരിമിതമായ ചരക്ക് കയറ്റുമതികളെയും ആശ്രയിച്ച് ജീവിക്കുന്ന രാജ്യമാണ് നേപ്പാൾ.

Related Articles

Latest Articles