ബംഗാളില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. കൊല്ലപ്പെട്ട ജാല്‍ഡ മുനിസിപ്പാലിറ്റി കോണ്‍ഗ്രസ് കൗണ്‍സിലര്‍ തപന്‍ കണ്ഡുവിന്റെ ഭാര്യയെ അദ്ദേഹം സന്ദര്‍ശിച്ചു. ഗവര്‍ണറുടെ ശുപാര്‍ശ കൂടി പരിഗണിച്ച് രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്ന് സുവേന്ദു ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും, ഭരണഘടന പ്രകാരം കാര്യങ്ങള്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും അധികാരി കുറ്റപ്പെടുത്തി. കണ്ഡുവിന്റെ അടുത്ത സുഹൃത്തായ നിരഞ്ജന്‍ ബൈഷ്ണവിന്റെ ബന്ധുവിനെയും സുവേന്ദു സന്ദര്‍ശിച്ചു. നിരഞ്ജന്‍ നേരത്തെ മരിച്ചിരുന്നു. എന്നാല്‍ ഇത് സ്വാഭാവിക മരണമല്ലെന്ന് സൂചനകളുണ്ടായിരുന്നു.
തൃണമൂലിന്റെ അതിക്രമങ്ങള്‍ ബാധിച്ച എല്ലാവരെയും പാര്‍ട്ടി നോക്കാതെ സഹായിക്കുമെന്ന് സുവേന്ദു പ്രഖ്യാപിച്ചു. തപന്‍ കണ്ഡുവിന്റെ കൊലപാതകത്തിലും, ബൈഷ്ണവിന്റെ അസ്വാഭാവിക മരണത്തിലും ബിജെപി സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുവേന്ദു പയുന്നു. ബംഗാളിലെ അക്രമ സംഭവങ്ങളില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടതില്‍ സന്തോഷമുണ്ട്. ബോഗ്തുയിയില്‍ ഒമ്പത് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാവിധ സഹായവും ഇരകളുടെ ബന്ധുക്കള്‍ക്ക് നല്‍കും. കേന്ദ്ര ഏജന്‍സി ഈ കേസ് അന്വേഷിക്കുന്നത് തൃപ്തികരമാണ്. കൊല്ലപ്പെട്ട അനീസ് ഖാന്റെ കുടുംബത്തെയും കാണാന്‍ ഞങ്ങള്‍ പോയിരുന്നു. അനീസിന്റേത് ദുരൂഹ മരണമായിരുന്നു. അനീസിന്റെ പിതാവിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സുവേന്ദു പറഞ്ഞു.
ഇവരെയൊന്നും സഹായിക്കുന്നത് പാര്‍ട്ടി നോക്കാതെയാണ്. കൊല്ലപ്പെട്ട ഇരകളൊന്നും ബിജെപിയുമായി ബന്ധമില്ലാത്തവരാണ്. മാനുഷിക മൂല്യങ്ങളിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. വോട്ടുബാങ്കിനായി ആര്‍ക്കും സഹായങ്ങള്‍ ചെയ്യാരില്ല ബിജെപിയെന്നും സുവേന്ദു പറഞ്ഞു. ബംഗാളിലെ സാഹചര്യങ്ങള്‍ വളരെ മോശമാണ്. ക്രമസമാധാന നില ബംഗാളില്‍ തകര്‍ന്നിരിക്കുകയാണ്. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ മമത തയ്യാറാവുന്നില്ല. എല്ലാ കേസുകളിലും തൃണമൂല്‍ പ്രവര്‍ത്തകരാണ് സംശയിക്കപ്പെടുന്നത്. സംസ്ഥാന പോലീസ് കാഴ്ച്ചക്കാരാണെന്നും സുവേന്ദു കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തപന്‍ കണ്ഡു മാര്‍ച്ച് 13നാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. വൈകീട്ട് നടക്കാനിറങ്ങിയപ്പോള്‍ വീടിന് സമീപത്ത് വെച്ച് തന്നെയാണ് ഇയാല്‍ കൊല്ലപ്പെട്ടത്. പുരുലിയയിലെ ജാല്‍ഡ മുനിസിപ്പാലിറ്റി രണ്ടാം വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറായിരുന്നു അദ്ദേഹം. മേഖലയില്‍ ജനപ്രീതിയുള്ള നേതാവായിരുന്നു അദ്ദേഹം. കണ്ഡുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു ഹൈക്കോടതി. കൊല്ലപ്പെട്ട ബൈഷ്ണവ് കണ്ഡുവിന്റെ കൊലപാതകത്തിന് ദൃക്‌സാക്ഷിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൗണ്‍സിലറുടെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. ബംഗാള്‍ പോലീസ് അന്വേഷണത്തില്‍ പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തിയിരുന്നു

