മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടത്തിയ കാസർഗോഡ് പ്രസ്താവനയിൽ ഖേദ പ്രകടനവുമായി നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറുമായ എം രഞ്ജിത്. കാസർഗോഡിനെയോ അവിടെയുള്ള ആളുകളെയോ ഉദ്ദേശിച്ചായിരുന്നില്ല ആ പ്രസ്താവനയെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്. എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും കാസർഗോഡുകാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്.
ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പ്രസ്താവന തെറ്റാണെന്ന് തിരിച്ചറിയുന്നു. തെറ്റ് തിരുത്തൽ തന്റെ കടമയാണ്. വേദനിപ്പിച്ചതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു’ – രഞ്ജിത് എഴുതി.
കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ എം. രഞ്ജിത് നടത്തിയ പരാമർശമാണ് വിവാദമായത്. ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരെ വിലക്കിയ സംഭവം വാർത്തകളിൽ കത്തിനിൽക്കുമ്പോഴാണ് രഞ്ജിത്തിന്റെ പ്രസ്താവന മലയാള സിനിമാലോകത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.

