തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പല ജില്ലകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറഞ്ഞത് ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കാന്‍ ഒരുങ്ങുകയാണ് സിപിഎം. മാത്രവമുള്ള തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ വീഴ്ചകള്‍ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് വരികയും ചെയ്യുന്നു. അനുകൂല സാഹചര്യങ്ങള്‍ നിരവധിയുണ്ടായിട്ടും 2015 ന് ശേഷം പാര്‍ട്ടിക്കും മുന്നണിക്കും എറണാകുളത്ത് മുന്നേറ്റം നടത്താന്‍ കഴിയാതെ പോവുന്നത് വിശദമായ പഠനത്തിന് വിധേയമാക്കണമെന്ന് സിപിഎം തിരഞ്ഞെടുപ്പ് അവലോക സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത്തവണ കേരള കോണ്‍ഗ്രസ് കൂടി മുന്നണിയിലേക്ക് വന്നതോടെ കൂടുതല്‍ സീറ്റുകളില്‍ വിജയം പ്രതീക്ഷിച്ചു. മറ്റ് അനുകൂല സാഹചര്യങ്ങളും നിരവധിയുണ്ടായിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ആകെയുള്ള 14 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞത് 5 സീറ്റില്‍ മാത്രം. കഴിഞ്ഞ തവണത്തെ അതേ സീറ്റ് നില. രണ്ട് സീറ്റിങ്ങ് സീറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ യുഡിഎഫില്‍ നിന്നും രണ്ടെണ്ണം പിടിച്ചെടുക്കാന്‍ കഴിഞ്ഞതോടെയാണ് പിടിച്ച് നില്‍ക്കാന്‍ സാധിച്ചത്. എം സ്വരാജ് മത്സരിച്ച തൃപ്പൂണിത്തുറയിലെ തോല്‍വിയായിരുന്നു കൂടുതല്‍ ആഘാതമായത്. സിപിഐയുടെ കൈവശമുണ്ടായിരുന്ന മൂവാറ്റുപുഴയാണ് നഷ്ടമായ മറ്റൊരു സീറ്റ്.
തൃപ്പുണിത്തുറ, പിറവം, തൃക്കാക്കര, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ച് അന്വേഷണം നടത്താൻ നേരേത്ത ഗോപി കോട്ടമുറിക്കൽ, കെജെ ജേക്കബ്, സിഎം. ദിനേശ്മണി, പിഎം ഇസ്മായിൽ എന്നിവര്‍ അടങ്ങിയ സമിതിയെ ആയിരുന്നു പാര്‍ട്ടി നിയോഗിച്ചത്. മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി, തിരഞ്ഞെടുപ്പ് ചുമതലയിലുള്ളവര്‍, പാര്‍ട്ടി അംഗങ്ങള്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചായിരുന്നു ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാര്‍ട്ടി നേതാക്കളുടെ വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

