ഭോപ്പാൽ: മദ്യവ്യാപാരിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് കോടികൾ. മധ്യപ്രദേശിലാണ് സംഭവം. ദമോഷ് ജില്ലയിലെ വ്യാപാരി ശങ്കർ റായുടെ വീട്ടിൽ വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ എട്ട് കോടി രൂപയാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. വീട്ടിലെ വാട്ടർ ടാങ്കിൽ താഴ്ത്തിവെച്ച ബാഗിനകത്തടക്കം ഒളിപ്പിച്ച നിലയിലായിരുന്നു പണം.
ഉദ്യോഗസ്ഥര്‍ പണം ഉണക്കിയെടുക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പണത്തിനുപുറമെ മൂന്ന് കിലോയുള്ള അഞ്ച് കോടി രൂപയുടെ മൂല്യം വരുന്ന ആഭരണങ്ങളും കണ്ടെത്തി. ടാങ്കിലെ ബാഗില്‍ നിന്ന് ഒരു കോടി രൂപയും വീട്ടിലെ മറ്റ് ഇടങ്ങളിലായി ബാക്കി പണവും കണ്ടെത്തി.39 മണിക്കൂർ നീണ്ട പരിശോധനയിലാണ് റായുടെ വീട്ടിൽ നിന്ന് സ്വർണത്തിന്റെയും പണത്തിന്റെയും ഭീമൻ ശേഖരം കണ്ടെത്തിയത്. റായ്ക്കെതിരെ അന്വേഷണം തുടരുമെന്ന് ആദായ നികുതി വകുപ്പ് ജബൽപൂർ വിഭാഗം ജോയിന്റ് കമ്മീഷണർ മുൻ മുൻ ശർമ വ്യക്തമാക്കി.

