Friday, April 26, 2024
spot_img

നികുതി വെട്ടിപ്പ് കേസ്; നിരവധി സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

ലക്നൗ: നികുതി വെട്ടിപ്പ് കേസുകളില്‍ സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ചില അടുത്ത സഹായികളുടെ സ്ഥലങ്ങളില്‍ പരിശോധന നടത്തി ആദായ നികുതി വകുപ്പ്.

സെക്രട്ടറിയും ദേശീയ വക്താവുമായ രാജീവ് റായ്, ആര്‍സിഎല്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍ മനോജ് യാദവ്, അഖിലേഷ് യാദവിന്റെ ഒഎസ്ഡി ആയി മാറിയ ജൈനേന്ദ്ര യാദവ് എന്നിവരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നത്.

അഖിലേഷ് യാദവിന്റെ അടുത്തയാളായി കണക്കാക്കപ്പെടുന്ന മൗ ജില്ലയിലെ സഹദത്പുരയിലുള്ള രാജീവ് റായിയുടെ വീട്ടില്‍ വാരാണസിയില്‍ നിന്നുള്ള 12 അംഗ ഐടി സംഘമാണ് പരിശോധന ആരംഭിച്ചത്.

2012 ല്‍ യുപിയില്‍ കേവല ഭൂരിപക്ഷത്തോടെ അധികാരം നേടിയ സമാജ് വാദി പാര്‍ട്ടി സര്‍ക്കാരിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖനാണ് രാജീവ് റായ്. ലക്‌നൗ, മെയിന്‍പുരി, ആഗ്ര എന്നിവിടങ്ങളില്‍ റായിക്ക് ഒന്നിലധികം സ്വത്തുക്കള്‍ ഉണ്ട്.

അതേസമയം, തനിക്ക് കള്ളപ്പണമോ ക്രിമിനല്‍ പശ്ചാത്തലമോ ഇല്ലെന്നും ഐടി തിരച്ചില്‍ രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ലെന്നും റായ് പറഞ്ഞു.

റായിയെ കൂടാതെ, അഖിലേഷ് യാദവുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന മെയിൻപുരിയിലെ ആർസിഎൽ ഗ്രൂപ്പ് പ്രൊമോട്ടർ മനോജ് യാദവിന്റെ വസതിയിലും റെയ്ഡ് നടത്തി.

കൂടാതെ ലഖ്നൗവിലെ വിശാൽ ഖണ്ഡിലെ ജൈനേന്ദ്ര യാദവ് എന്ന നീതു യാദവിന്റെ വീട്ടിൽ മറ്റൊരു സംഘം തിരച്ചിൽ നടത്തുന്നുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോൾ അഖിലേഷ് യാദവിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി(ഒഎസ്ഡി) ആയിരുന്നു നീതു യാദവ്. അദ്ദേഹം മുമ്പ് മുലായം സിംഗ് യാദവിന്റെ വീട്ടിൽ ഇലക്ട്രീഷ്യനായിരുന്നു. അഖിലേഷ് മുഖ്യമന്ത്രിയായപ്പോൾ നീതു യാദവിനെ ഒഡിഎസായി നിയമിക്കുകയായിരുന്നു.

അതിനിടെ ആദായനികുതി വകുപ്പിന്റെ നടപടിയെ അഖിലേഷ് യാദവ് ചോദ്യം ചെയ്തു. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ കേന്ദ്ര ഏജൻസികൾ സജീവമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു മാസം മുമ്പ് ഇതേ നടപടി സ്വീകരിക്കാമായിരുന്നെന്നും എന്നാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ തിരച്ചിൽ ദുരൂഹത ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മറച്ചുവയ്‌ക്കാൻ ഒന്നുമില്ലെങ്കിൽ അഖിലേഷ് യാദവ് റെയ്ഡിനെ ഭയക്കേണ്ടതില്ലെന്ന് ഉത്തർപ്രദേശ് ബിജെപി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു.

മാത്രമല്ല അഖിലേഷിന് കുറ്റകരമായ മനസ്സ് ആണുളളത് എന്നും ഇത് എല്ലായ്‌പ്പോഴും സംശയാസ്പദമാണ്. ആദായ നികുതി വകുപ്പിന് അതിന്റേതായ പ്രവർത്തനരീതിയുണ്ട് എന്നും മുമ്പ് ബിജെപി നേതാക്കൾക്കെതിരെയും റെയ്ഡുകൾ നടത്തിയിരുന്നു എന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ അഖിലേഷ് ഭയപ്പെടേണ്ടതില്ലെന്നും ത്രിപാഠി പറഞ്ഞു

Related Articles

Latest Articles