Sunday, September 27, 2026

മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം ഇന്ന്; 30 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തേക്കും; 10 മന്ത്രിസ്ഥാനങ്ങൾ ഒഴിച്ചിട്ട് അപ്രതീക്ഷിത നീക്കം; ഉദ്ദവ് താക്കറെ ഭരണപക്ഷത്തേക്കോ ?

നാഗ്‌പൂർ: മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന് നടക്കും. വിവിധ കക്ഷികളിൽ നിന്ന് 30 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ബിജെപിയ്ക്ക് 15 മന്ത്രിമാർ, ശിവസേനയ്ക്ക് 8 മന്ത്രിമാർ, എൻ സി പിയ്ക്ക് 7 മന്ത്രിമാർ എന്നിങ്ങനെയാണ് ഫോർമുല. 43 മന്ത്രിമാർ വരെ പരമാവധി മന്ത്രിസഭയിലുണ്ടാകാം. നേരത്തെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും, ഉപമുഖ്യമന്ത്രിമാരായി ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും, എൻ സി പി നേതാവ് അജിത് പവാറും സത്യപ്രതിജ്ഞ ചെയ്യുന്നു. 30 പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 10 മന്ത്രിസ്ഥാനങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണ്. പ്രതിപക്ഷ നിരയിൽ നിന്ന് പാർട്ടികളും നേതാക്കളും എൻ ഡി എ യിലേക്ക് വരാൻ സാധ്യതയുള്ളതുകൊണ്ടാണ് മന്ത്രിസ്ഥാനങ്ങൾ ഒഴിച്ചിട്ടിരിക്കുന്നത് എന്നാണ് സൂചന.

മഹാരാഷ്ട്രയിൽ നാളെ നിയമസഭാ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കുകയാണ്. നാഗ്‌പുരിലാണ് ശീതകാല സമ്മേളനം നടക്കുക. നാഗ്‌പുരിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. മന്ത്രിസഭാ വികസനം സംബന്ധിച്ച ചർച്ചകൾ ഭരണമുന്നണിയിൽ പൂർത്തിയായി. ആഭ്യന്തരം അടക്കമുള്ള വകുപ്പുകൾ ബിജെപിയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ട്. പകരം റവന്യു നഗരവികസന വകുപ്പുകൾ ശിവസേനയ്ക്ക് ലഭിച്ചേയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ 288 അംഗ നിയമസഭയിൽ 232 സീറ്റുകളും നേടിയത് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യമായിരുന്നു.

Related Articles

Latest Articles