ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂർ ജില്ലയിലെ എണ്ണൂർ താപവൈദ്യുത നിലയത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ സ്കഫോൾഡിങ് തകർന്നുവീണ് ഒമ്പത് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. അസമിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് വിവരം.
നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ സ്കഫോൾഡിങ് ഘടന അപ്രതീക്ഷിതമായി തകരുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ ഉടൻ തന്നെ പുറത്തെടുക്കാൻ ശ്രമം നടന്നു. റിപ്പോർട്ടുകൾ പ്രകാരം, നാല് തൊഴിലാളികൾ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ സ്റ്റാൻലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ മറ്റ് തൊഴിലാളികൾക്ക് സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണം നൽകി വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തെത്തുടർന്ന് തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണൻ, ടാൻജെഡ്കോ ചെയർമാൻ എന്നിവർ സ്റ്റാൻലി സർക്കാർ ആശുപത്രിയിലെത്തി പരിക്കേറ്റ തൊഴിലാളികളെ സന്ദർശിച്ചു. അപകടത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ നടന്നുവരുന്നു, സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

