Monday, October 5, 2026

ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്: രാഘവ് ഛദ്ദയും പ്രമുഖ നേതാക്കളും ബിജെപിയിലേക്ക്

പാർട്ടിയെ പിടിച്ചുലച്ച നീക്കം ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി വളർന്ന ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്. പാർട്ടിയുടെ ഏറ്റവും ശ്രദ്ധേയനായ യുവനേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ മൂന്ന് എംപിമാർ ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. രാജ്യസഭാ എംപിമാരായ അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ് ഛദ്ദയോടൊപ്പം പാർട്ടി വിടുന്നത്. ഇത് ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള എഎപിക്ക് വലിയ പ്രഹരമായി മാറിയിരിക്കുകയാണ്.

വാർത്താസമ്മേളനത്തിൽ പാർട്ടിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് രാഘവ് ഛദ്ദ ഉന്നയിച്ചത്. കഴിഞ്ഞ 15 വർഷമായി താൻ എഎപിക്കു വേണ്ടിയാണ് ജീവിച്ചതെന്നും എന്നാൽ ഇപ്പോൾ പാർട്ടി അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്നും സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്നും പൂർണ്ണമായും അകന്നു പോയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തെറ്റായ ഒരു പ്രസ്ഥാനത്തിൽ പ്രവർത്തിച്ച ശരിയായ വ്യക്തിയായിരുന്നു താനെന്നും, ഇപ്പോൾ യഥാർത്ഥ ജനസേവനത്തിനായി പാർട്ടി വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാർലമെന്റിലെ പാർട്ടിയുടെ കരുത്ത് ചോർത്തുന്ന വെളിപ്പെടുത്തലുകളും ഛദ്ദ നടത്തി. രാജ്യസഭയിൽ എഎപിക്ക് ആകെയുള്ള പത്ത് അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ഉടൻ തങ്ങളോടൊപ്പം ചേരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത്തരമൊരു നീക്കം നടന്നാൽ അത് സാങ്കേതികമായി പാർട്ടിയുടെ പിളർപ്പായി മാറുകയും കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് എംപിമാർക്ക് സംരക്ഷണം ലഭിക്കാനിടയാവുകയും ചെയ്യും.

പാർട്ടി നേതൃത്വവുമായി ഏറെ നാളായി അകൽച്ചയിലായിരുന്ന ഛദ്ദയുടെ ഈ നീക്കം ആസൂത്രിതമാണെന്നാണ് സൂചനകൾ. കെജ്രിവാളിന്റെ വിശ്വസ്തരുടെ നിരയിൽ മുൻപന്തിയിലുണ്ടായിരുന്ന ഇവർ ബിജെപിയിൽ ചേരുന്നതോടെ ഡൽഹി രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടും. എഎപി രൂപീകരിക്കുമ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ നിലവിലെ നേതൃത്വത്തിന് കഴിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങുന്നത്.

Related Articles

Latest Articles