Monday, October 12, 2026

സ്പെയിനിൽ വൻ ട്രെയിൻ ദുരന്തം!! രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 മരണം; 70 ഓളം പേർക്ക് പരിക്ക്

മാഡ്രിഡ് : ദക്ഷിണ സ്പെയിനിലെ കോർഡോബയ്ക്ക് സമീപം രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തിൽ എഴുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.

മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് 500 യാത്രക്കാരുമായി പോവുകയായിരുന്ന ട്രെയിൻ പാളം തെറ്റി എതിർദിശയിൽ നിന്ന് വന്ന ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. മാഡ്രിഡിൽ നിന്ന് ഹുവെൽവയിലേക്ക് പോകുകയായിരുന്നു രണ്ടാമത്തെ ട്രെയിൻ. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ പല ബോഗികളും തകരുകയും ഒരു ബോഗി നാല് മീറ്ററോളം താഴ്ചയുള്ള ചരിവിലേക്ക് മറിയുകയും ചെയ്തു.

ദുരന്തം നടന്ന പ്രദേശം എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലമായതിനാൽ രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. സ്പെയിനിലെ സൈനിക വിഭാഗവും റെഡ് ക്രോസും പ്രാദേശിക നിവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അപകടത്തെത്തുടർന്ന് മാഡ്രിഡിനും അൻഡലൂഷ്യൻ നഗരങ്ങൾക്കും ഇടയിലുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

സംഭവത്തിൽ സ്പെയിനിലെ ഫെലിപ്പ് ആറാമൻ രാജാവും ക്യൂൻ ലെറ്റീഷ്യയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അവർ പ്രസ്താവനയിൽ അറിയിച്ചു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സ്പാനിഷ് റെയിൽവേ അധികൃതർ ഉന്നതതല അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles