Monday, April 29, 2024
spot_img

പൊന്നമ്പലമേട്ടിൽ നാളെ മകരജ്യോതി തെളിയും ; ദർശന സാഫല്യത്തിനായി ശരണം വിളികളുമായി കാത്തിരുന്ന് ഭക്തലക്ഷങ്ങൾ ! ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട : ഈ വർഷത്തെ മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. മകരജ്യോതി ദർശനത്തിനായി സജ്ജീകരിച്ചിട്ടുള്ള പത്ത് പോയന്റുകളിലും ഭക്തർക്കായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മകരജ്യോതി ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർ പോലീസിന്റെയും ഫയർഫോഴ്സിന്റെയും നിർദേശങ്ങൾ അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പതിവ് അന്നദാനത്തിന് പുറമേ ഇന്നും നാളെയും മൂന്ന് നേരവും ഭക്തർക്കായി പ്രത്യേക ഭക്ഷണസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി.കെ. ശേഖർബാബുവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഭക്തർക്കുള്ള ലഘുഭക്ഷണമായി 80 ലക്ഷത്തോളം ബിസ്കറ്റുകൾ എത്തും. ഇതോടൊപ്പം, കുടിക്കാനായി ചുക്കുവെള്ളവും ഭക്തർക്കായി നൽകും.

മകരവിളക്ക് ദിനമായ നാളെ പുലർച്ചെ 2.15-ന് നട തുറക്കും. 2.46-ന് നെയ്യഭിഷേകം നടത്തി മകരസംക്രമപൂജ നടത്തും. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവന്ന നെയ്‌ത്തേങ്ങ കൊണ്ടാണ് അഭിഷേകം നടത്തുക. വൈകുന്നേരം 5 മണിക്ക് നട തുറക്കും. 5.15 ഓടെ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശരംകുത്തിയിലെത്തും. തുടർന്ന് ദേവസ്വം അധികൃതർ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിക്കും. തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.

മറ്റന്നാൾ 50,000 പേർക്ക് വിർച്വൽ ക്യൂ വഴി ദർശനത്തിന് സൗകര്യമൊരുക്കും. നിർത്തിവച്ചിരുന്ന സ്പോട്ട് ബുക്കിങ്ങും മറ്റന്നാൾ മുതൽ ആരംഭിക്കും . ശേഷം 17 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 60,000 പേർക്ക് വിർച്വൽ ക്യൂവഴി ബുക്ക് ചെയ്യാം.ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21-ന് രാവിലെ പന്തളരാജാവിനു മാത്രം ദർശനം. തുടർന്നു നട അടയ്ക്കും.

Related Articles

Latest Articles