Thursday, May 16, 2024
spot_img

മാലിദ്വീപ് നയതന്ത്ര തർക്കം !അടുത്ത ഉന്നത തല ചർച്ച ഇന്ത്യയിൽ വച്ച് ! ഇന്ത്യൻ വ്യോമസേന നൽകി വരുന്ന മാനുഷികസഹായങ്ങളും മെഡിക്കൽ സേവനങ്ങളും നഷ്ടപ്പെടുമോ എന്ന ഭയത്തിൽ മാലിദ്വീപ് ജനത; മൊഹമ്മദ് മൊയ്സുവിനെതിരെ ജനരോഷം

ദില്ലി : സമുദ്ര സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി ദ്വീപിൽ വിന്യസിച്ചിരുന്ന ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാലിദ്വീപ് സമയപരിധി നിശ്ചയിച്ച സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യ. മാലദ്വീപുമായി പരസ്പര സഹകരണത്തിനുള്ള വിശാല ചർച്ച നടക്കുന്നതായും അടുത്ത ഉന്നത തല ചർച്ച ഇന്ത്യയിൽ വച്ച് നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം ചർച്ച നടക്കുന്ന തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല.

“നിലവിലെ സ്ഥിതി തുടരാൻ ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായൊരു പരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ വ്യോമസേന മാലദ്വീപ് ജനതയ്ക്കായി ചെയ്തുവരുന്ന മാനുഷികസഹായങ്ങൾ, മെഡിക്കൽ സേവനങ്ങൾ തുടങ്ങിയ തുടരാനാവശ്യമായതൊക്കെയും ചെയ്യും” – വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു..

ഇന്ത്യ – മാലദ്വീപ് ഉന്നതതല യോഗം ഇന്ന് മാലിയിൽ ചേർന്നിരുന്നു. മാർച്ച് 15-നകം മാലദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ഈ യോഗത്തിലാണ് ഇന്ത്യയോടെ ആവശ്യപ്പെട്ടത്. നിലവിൽ 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുള്ളത്. ദ്വീപിലെ ഇന്ത്യൻ സൈനികരെ ഒഴിവാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി അധികാരത്തിലേറിയ പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ഇക്കാര്യം ആവർത്തിച്ചിരുന്നെങ്കിലും സമയപരിധി നൽകി ആവശ്യമുന്നയിക്കുന്നത് ഇതാദ്യമാണ്.ചൈനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മൊയ്സു ദിവസങ്ങൾക്ക് മുൻപാണ് ചൈന സന്ദർശനം നടത്തിയത്. അഞ്ചുദിവസമാണ് സന്ദർശനം നീണ്ടത്.

ടൂറിസത്തെച്ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ലക്ഷദ്വീപിന്റെ ടൂറിസം സാധ്യതകൾ തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവയ്ക്കുകയും ലോക ശ്രദ്ധ ലക്ഷദ്വീപിലേക്ക് തിരിയുകയും ചെയ്തു. ഇതോടെ മാലിദ്വീപിലെ മൂന്ന് മന്ത്രിമാർ നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹ മാദ്ധ്യമത്തിൽ കുറിപ്പുകൾ പങ്കുവയ്ക്കുകയും കടുത്ത വിമർശനമുയർന്നതോടെ ഇവരെ മാലിദ്വീപ് സർക്കാർ അനിശ്ചിത കാലത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം മൊഹമ്മദ് മൊയ്സുവിനെതിരെ കടുത്ത രോഷമാണ് ജനങ്ങളും പ്രതിപക്ഷവും ഉയർത്തുന്നത്. സമസ്ത മേഖലകളിലും തങ്ങളെ സഹായിക്കുന്ന ഇന്ത്യയെ പിണക്കരുതെന്ന ആഗ്രഹമാണ് മാലിദ്വീപ് ജനതയ്ക്ക്.

Related Articles

Latest Articles