മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതി നടത്തിപ്പിൽ വൻ ക്രമക്കേടുകൾ നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. 45 പദ്ധതികളുടെ നടത്തിപ്പിലൂടെ മാത്രം ജില്ലാ പഞ്ചായത്തിന് 85,63,839 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണ്ടെത്തൽ. അപാകതകൾ കണ്ടെത്തിയ 26 പദ്ധതികൾക്കായി ചെലവഴിച്ച 10,28,88,084 രൂപ ഓഡിറ്റ് വിഭാഗം തടസ്സപ്പെടുത്തി. ഈ തുകയ്ക്ക് കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും പണം തിരികെ ഈടാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
തിരൂർ-പൊന്നാനി പുഴയിലെ മണ്ണെടുപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് പ്രധാന ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. ബോട്ട് സർവീസിനായി സാധ്യതാ പഠനം നടത്താതെ പത്തുകോടിയിലധികം രൂപ ചെലവാക്കി മണ്ണെടുത്തത് പാഴ്‌ച്ചെലവാണെന്ന് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടി. ജിയോളജി വിഭാഗത്തിന്റെ അനുമതി വാങ്ങാതെയും അളവുപുസ്തകത്തിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയും കരാറുകാരന് തുക നൽകിയതിൽ ഗുരുതര വീഴ്ചയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
പട്ടികവർഗ ഫണ്ട് (TSP) കൃത്യമായി വിനിയോഗിക്കാത്തത് മൂലം പൊതുവിഭാഗം ഫണ്ടിൽ നിന്നും ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായും ഓഡിറ്റ് കണ്ടെത്തി. വണ്ടൂർ ചേതന ഹോസ്പിറ്റലിലെ പേ വാർഡ് നിർമ്മാണം, വിവിധ സ്‌കൂളുകളിലെ മോഡുലാർ ശുചിമുറി സ്ഥാപിക്കൽ, വയോജന പാർക്ക് നിർമ്മാണം എന്നിവയിലും അധികച്ചെലവും ക്രമക്കേടും നടന്നിട്ടുണ്ട്. പലയിടങ്ങളിലും ചെയ്യാത്ത പ്രവൃത്തികൾക്ക് തുക നൽകിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതിലും കേരളോത്സവം നടത്തിപ്പ്, എസ്.പി.സി പരിശീലനം എന്നിവയിലും സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ഭരണസമിതിയിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം തേടാനാണ് ഓഡിറ്റ് വിഭാഗത്തിന്റെ നീക്കം.

