കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്ക മുഖപത്രം(Sathyadeepam Article Against K Rail). എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിലാണ് സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി, ലോകായുക്ത ഓര്‍ഡിനന്‍സ് എന്നീ വിഷയങ്ങളിലാണ് പ്രധാനമായും വിമർശനം. പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ റെയിൽ മാത്രമാണ് കേരളത്തിന്റെ വികസന മുരടിപ്പിന് ഏക പരിഹാരം. ഈ രീതിയിൽ മുഖ്യമന്ത്രിയും പാർട്ടിയും ആവർത്തിക്കുന്നത് മനസ്സിലാകുന്നില്ലെന്ന് ബഹുഭൂരിപക്ഷം പറയുമ്പോൾ പദ്ധതിയുമായി മുന്നോട്ടെന്ന ‘മാവോ’ ലൈനിലാണ് സർക്കാരെന്നാണ് മുഖപ്രസംഗത്തിലെ പ്രധാനവിമർശനം.
അതേസമയം ജനങ്ങള്‍ക്ക് ബോധ്യമാകാത്ത സില്‍വര്‍ ലൈന്‍ പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം കേരളത്തിലെ ഉന്നത നീതിപീഠത്തിന്റേതായിരുന്നു. ഇത്രയും വലിയ സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തികാഘാതമുറപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യാത്തതെന്തെന്ന് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ‘പൗരപ്രമുഖരെ’ വിളിച്ചു ചേര്‍ത്താണ് മുഖ്യമന്ത്രി ‘വിശദീകരിച്ചത്’. എന്നാൽ ചർച്ചകളെ ഒഴിവാക്കി, എതിർ സ്വരങ്ങളെ നിശബ്ദമാക്കി ഇത്ര തിടുക്കത്തിൽ ഇതെന്തിന് എന്ന ചോദ്യത്തിന് പാവപ്പെട്ടവരുടെ അടുക്കളകളിൽപോലും അതിരടയാളക്കുറ്റി തറച്ചു കൊണ്ടായിരുന്നു സർക്കാർ മറുപടി നൽകിയതെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടി. വലിയ പദ്ധതി നടപ്പാക്കുമ്പോൾ പാർട്ടി നിശ്ചയിച്ച പൗരപ്രമുഖരമായി മാത്രമാണ് സംസ്ഥാന സർക്കാർ ചർച്ച നടത്തിയത്.
അതേസമയം കെ റെയിലിനെതിരെ കവിതയെഴുതിയ ഇടത് സഹയാത്രികൻ റഫീഖ് അഹമ്മദിന് എതിരെ ‘സാമൂഹ്യ’ മർദ്ദനമഴിച്ചുവിട്ടതാണ് നവോത്ഥാന കേരളത്തിലെ ഒടുവിലത്തെ സാംസ്‌കാരിക പാഠം. ലോകായുക്തയെ വെറും അന്വേഷണ കമ്മീഷനാക്കിയെന്നും അറിവില്ലായ്മയെ അധികാരം സ്ഥാപിക്കാനുള്ള മാർഗമാക്കുന്നത് പ്രാഥമികമായ ഫാസിസ്റ്റ് തന്ത്രമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി. അതോടൊപ്പം ലോകായുക്താ നിയമത്തിലെ 14-ാം വകുപ്പിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്റെ വഴിയിലും അനാവശ്യമായ തിടുക്കമുണ്ടെന്ന് ലേഖനത്തില്‍ വിശദമാക്കുന്നു.

