Wednesday, May 8, 2024
spot_img

മലയാറ്റൂരിലെ സ്ഫോടനം; ക്വാറി ഉടമകള്‍ ഒളിവില്‍

കൊച്ചി: മലയാറ്റൂരിൽ സ്ഫോടനമുണ്ടായ വിജയ പാറമടയുടെ ഉടമകൾ ഒളിവിൽ. മലയാറ്റൂർ നീലീശ്വരം സ്വദേശികളായ ബെന്നി പുത്തൻ, റോബിൻസ് എന്നിവരാണ് ഒളിവിൽ പോയത്. ബന്ധുവീടുകളിലും ഓഫീസുകളിലും കാലടി സി.ഐയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ പരിശോധനയാണ് നടക്കുന്നത്. സ്ഫോടനം നടന്ന സംഭവത്തിൽ പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനും ഇതോടൊപ്പം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ പുലർച്ചെയാണ് മലയാറ്റൂർ ഇല്ലിത്തോട് പാറമടക്ക് സമീപമുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചത്. അനധികൃതമായും മതിയായ സുരക്ഷ ഇല്ലാതെയും കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതിൽ ക്വാറി ഉടമസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പുത്തേൻ ദേവസിക്കുട്ടി മകൻ ബെന്നി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. അതേസമയം മഴയെത്തുടർന്ന് താലൂക്ക് ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ക്വാറിയുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു. ലൈസൻസോടെയാണ് ക്വാറി പ്രവർത്തിച്ചിരുന്നതെന്നും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ക്വാറിക്കാവശ്യമായ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന മാഗസിൻ, മൂന്ന് കിലോമീറ്റർ അകലെയുള്ള കണിമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് പൊലീസിൽ നിന്നും റിപ്പോർട്ട് തേടിയതായി ജില്ലാ കളക്ടർ അറിയിച്ചു. സംഭവത്തില്‍ മജിസ്റ്റീരിയൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles