Tuesday, May 21, 2024
spot_img

ഇന്ത്യയെ വീണ്ടും പരിഹസിച്ച് മാലദ്വീപ് മുൻ മന്ത്രി മറിയം ഷിയൂന; വിമർശനത്തിന് പിന്നാലെ പോസ്റ്റ് മുക്കി

ദില്ലി: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ അപകീർത്തികരമായ പോസ്റ്റിട്ട മാലദ്വീപ് മുൻ മന്ത്രി മറിയം ഷിയൂന വീണ്ടും വിവാദത്തിൽ. മാലദ്വീപ് ഇന്ത്യയുടെ സഹായം സ്വീകരിക്കുന്നതിനെ എതിർത്താണ് മറിയം ഷിയൂന ഭരണകക്ഷി രംഗത്തെത്തിയത്. എന്നാൽ വിമർശനങ്ങൾ ഉയർന്നതോടെ
പോസ്റ്റ് പിൻവലിച്ച് മറിയം ഷിയൂന ക്ഷമ ചോദിച്ചു.

അടുത്തിടെ മാലദ്വീപ് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുകയും ഇന്ത്യ സഹായം നൽകുകയും ചെയ്തിരുന്നു. എന്നാൽ അതിനു പിന്നാലെ ഇന്ത്യൻ ദേശീയ പതാകയിലെ അശോകചക്രത്തിന്റെ ചിത്രം പങ്ക് വച്ച് , മാലദ്വീപിലെ പ്രതിപക്ഷ പാർട്ടിയായ എംഡിപിയെയും പരിഹസിക്കും വിധത്തിലുള്ള ട്വീറ്റാണ് മറിയം പോസ്റ്റ് ചെയ്തത്. “എംഡിപി അവരുടെ വായ്‌ക്കടുത്തേയ്‌ക്ക് പോകുകയാണ്. നമ്മൾ ഇനി അവരുടെ വായിൽ വീഴേണ്ടതില്ല” എന്നായിരുന്നു മറിയത്തിന്റെ പോസ്റ്റ് .

മുഹമ്മദ് മുയിസു സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നയത്തെ എംഡിപി രൂക്ഷമായി വിമർശിച്ചതാണ് മറിയം ഷിയൂനയെ പ്രകോപിപ്പിച്ചത്. എന്നാൽ മറിയത്തിന്റെ പോസ്റ്റിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നതോടെ പോസ്റ്റ് പിൻവലിച്ച് ക്ഷമ ചോദിച്ച് അവർ രംഗത്തെത്തി.

‘എന്റെ സമീപകാല പോസ്റ്റിന്റെ ഉള്ളടക്കം മൂലമുണ്ടായ ആശയക്കുഴപ്പത്തിനും കുറ്റത്തിനും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. മാലദ്വീപിലെ പ്രതിപക്ഷ പാർട്ടിയായ എംഡിപിയെ പറ്റിയുള്ള എന്റെ പോസ്റ്റിൽ ഉപയോഗിച്ച ചിത്രം ഇന്ത്യൻ പതാകയുമായി സാമ്യമുള്ളതാണെന്ന് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് മനഃപൂർവമല്ലായിരുന്നുവെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടാക്കിയതിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു.

മാലദ്വീപ് അതിന്റെ ബന്ധത്തെയും ഇന്ത്യയുമായി ഞങ്ങൾ പങ്കിടുന്ന പരസ്പര ബഹുമാനത്തെയും വിലമതിക്കുന്നു. ഭാവിയിൽ ഇത്തരം കാര്യങ്ങൾ തടയുന്നതിന് ഞാൻ പങ്കിടുന്ന ഉള്ളടക്കം പരിശോധിക്കുന്നതിൽ ഞാൻ കൂടുതൽ ജാഗ്രത പുലർത്തും’ എന്നാണ് മറിയം ക്ഷമാപണം അറിയിച്ച് പോസ്റ്റ് ചെയ്തവയിലെ വാക്കുകൾ.

ഇതിനുമുൻപും പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മറിയം ഷിയൂന മോശം പരാമർശം നടത്തിയിരുന്നു. മോദി കോമാളിയാണെന്നും പാവയാണെന്നുമാണ് മറിയം എക്സിൽ കുറിച്ചത്. പിന്നാലെ വിമർശനങ്ങൾ ഉയർന്നതോടെ മറിയം പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ലക്ഷദ്വീപിലെ സ്‌നോർക്കെല്ലിംഗിനെക്കുറിച്ച് എക്‌സിൽ പ്രധാനമന്ത്രി മോദി പങ്കുവെച്ച പോസ്റ്റുകൾ വൈറലായതിന് പിന്നാലെയായിരുന്നു മറിയം ഷിയൂനയുടെ വിവാദ പോസ്റ്റ്.

Related Articles

Latest Articles